Enter your Email Address to subscribe to our newsletters

Jammu kashmir, 13 ജനുവരി (H.S.)
ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കഠുവയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നജോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടത്തിയിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരവാദികള്‍ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഇടയ്ക്കിടെ വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ജനുവരി 7-ന് കഹോഗ് വനമേഖലയിലെ കാമധ് നള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് ഇരുട്ടിന്റെയും ദുഷ്‌കരമായ ഭൂപ്രകൃതിയുടെയും മറവില്‍ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശം നിലവില്‍ വെടിവെപ്പ് നടക്കുന്ന നജോട്ട് വനമേഖലയില്‍നിന്നു 10 കിലോമീറ്റര്‍ മാത്രം അകലെയാണ്. രക്ഷപ്പെട്ട ഭീകരര്‍ തന്നെയാണോ ഈ മേഖലയിലുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജമ്മു മേഖലയിലുടനീളം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാസേന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കഠുവയില്‍ വിദൂര ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുന്നത്. ഭീകരരെ കണ്ടെത്താനായി വനമേഖല വളയുകയും തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഭൂപ്രകൃതിയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും പരിശോധന തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകള്‍ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന പറഞ്ഞിരുന്നു. ഇവയില്‍, രണ്ടെണ്ണം അന്താരാഷ്ട്ര അതിര്‍ത്തിക്ക് എതിര്‍വശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളില്‍ ചില സാന്നിധ്യവും പരിശീലന പ്രവര്‍ത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും കണ്ടെത്തിയാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-ല്‍ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതില്‍ 65 ശതമാനവും പാകിസ്താന്‍ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് മുതിര്‍ന്നിരുന്നെങ്കില്‍ അതിര്‍ത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 88 മണിക്കൂറിനുള്ളില്‍, പരമ്പരാഗത യുദ്ധത്തിലേക്ക് സംഘര്‍ഷം മാറുമായിരുന്നു. ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഏകദേശം 100 പാകിസ്താന്‍ സൈനികരെ വധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്നും, പാക്കിസ്താന്‍ ഭാവിയില്‍ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
---------------
Hindusthan Samachar / Sreejith S