Enter your Email Address to subscribe to our newsletters

Kochi, 13 ജനുവരി (H.S.)
നവകേരള സര്‍വേയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. സര്‍വേ തടയണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍വേയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നവകേരള സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സര്‍വേയ്‌ക്കെതിരേ രണ്ട് ഹര്‍ജികള്‍ കോടതിയുടെ മുമ്പിലെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍.
സര്‍വേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയ്ക്ക് മുമ്പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍ക്കാര്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാനുള്ള ശ്രമം തടയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളില്‍ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ് നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം. നാടിന്റെ ഭാവിവികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം പദ്ധതി. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി അവിടങ്ങളില്‍ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകരമാണ് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
---------------
Hindusthan Samachar / Sreejith S