Enter your Email Address to subscribe to our newsletters

New delhi, 13 ജനുവരി (H.S.)
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകര്‍ത്തുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. മൂന്ന് സേനകള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ അതിര്‍ത്തികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുടെ നെറ്റ്വര്‍ക്ക് ഏതാണ്ട് തകര്‍ക്കാനായെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. ജാഗ്രത തുടരുകയാണെന്ന് കരസേന മേധാവി അറിയിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് എട്ട് ഭീകരപരിശീലന ക്യാമ്പുകള്‍ ഉണ്ടെന്നാണ് വിവരം. ഇവ നിരീക്ഷിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കരസേന മേധാവി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. എല്ലാ കമാന്‍ഡിലും 5000 ഡ്രോണുകള്‍ തയ്യാറാക്കാനുള്ള ശേഷി സേനയ്ക്കുണ്ട്. ലക്ഷകണക്കിന് ഡ്രോണുകള്‍ നിര്‍മ്മിക്കേണ്ടി വന്നേക്കാം. നൂറ് കിലോ മീറ്റര്‍ വരെ പോകാനാകുന്ന ഡ്രോണ്‍ പരീക്ഷിക്കാനായി. അടുത്തിടെ പാകിസ്ഥാന്‍ അയച്ച ഡ്രോണുകള്‍ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും ഡ്രോണുകള്‍ അയക്കരുതെന്ന് പാകിസ്ഥാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി അറിയിച്ചു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനെ ഭരണഘടനാപരമായ ഭേദഗതികളിലൂടെ മുന്നോട്ട് പോകാനും പ്രതിരോധ മേഖലയെ പുനഃക്രമീകരിക്കാനും നിര്‍ബന്ധിതരാക്കിയെന്ന് പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ സൈനിക സംവിധാനത്തിലെ ഗുരുതരമായ പ്രശ്നങ്ങളും കുറവുകളും ഓപ്പറേഷന്‍ സിന്ദൂര്‍ തുറന്നുകാട്ടി എന്നതിന്റെ അംഗീകാരമാണ് ഈ മാറ്റങ്ങളെന്ന് ജനറല്‍ ചൗഹാന്‍ പറഞ്ഞു.
ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സില്‍ 'പുണെ പബ്ലിക് പോളിസി ഫെസ്റ്റിവല്‍ 2026' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജനറല്‍ ചൗഹാന്‍. ഓപ്പറേഷന് ശേഷമുള്ള പാകിസ്താന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഘടനയിലെ പുനഃക്രമീകരണം സംഘര്‍ഷ സമയത്ത് ഉയര്‍ന്നുവന്ന ബലഹീനതകള്‍ വെളിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി നിര്‍ത്തലാക്കി പകരം ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് എന്ന സ്ഥാനം ഏര്‍പ്പെടുത്തിയതും നാഷണല്‍ സ്ട്രാറ്റജി കമാന്‍ഡ്, ആര്‍മി റോക്കറ്റ് ഫോഴ്സസ് കമാന്‍ഡ് പോലുള്ള പുതിയ സംവിധാനങ്ങള്‍ രൂപീകരിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലെ തിരിച്ചടിയുടെ ഭാഗമായി പാകിസ്താന്‍ കൊണ്ടുവന്ന മാറ്റങ്ങളാണെന്ന് ജനറല്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S