Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജനുവരി (H.S.)
ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്താന്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.
കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി പ്രത്യേക അന്വേഷണ സംഘം ഉടന്‍ തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടല്‍ കൂടാതെ പാലക്കാട് എത്തിച്ചും തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് രാഹുലമായി പാലക്കാട് വച്ച് നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതായി യുവതി മൊഴി നല്‍കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെ തെളിവെടുപ്പ്.
അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കസ്റ്റഡിയില്‍ വിടരുതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൊണ്ട് നടന്ന് അപമാനിക്കാനാണ് ശ്രമമെന്നും രാഹുല്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചില്ല. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സമയത്തും പോലീസുമായി തര്‍ക്കിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തു എന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം പ്രതിഭാഗത്തോട് കോടതി ചോദിക്കുകയും ചെയ്തു. അറസ്റ്റ് മെമ്മോയിലും ഇന്‍സ്പെക്ഷന്‍ മെമ്മോയിലും ഒപ്പിടാന്‍ രാഹുല്‍ തയാറായിരുന്നില്ല. കൂടാതെ താന്‍ തിരിച്ചു വരുമെന്നും സ്വതന്ത്രനായി മത്സരിച്ചാലും പാലക്കാട് വിജയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രരാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്. വിദേശത്തുള്ള 31 കാരിയാണ് 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തു എന്നും പരാതി നല്‍കിയത്. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി ഇ-മെയില്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കാനഡയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31-കാരിയാണ് പരാതിക്കാരി. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
---------------
Hindusthan Samachar / Sreejith S