ശബരിമല മകരജ്യോതി ദര്‍ശനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Sabarimala, 13 ജനുവരി (H.S.) മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര നാളെ എത്തും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചി
sabarimala


Sabarimala, 13 ജനുവരി (H.S.)

മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര നാളെ എത്തും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്. തിരുമുറ്റത്തും ഫ്ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്.

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് നാളെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണം. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ കെ.യു ജനീഷ് കുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. റവന്യൂ, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപത്രം പാരായണം ചെയ്യും. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ് സിരിജഗന്‍, തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ഓംബുഡ്സ്മാന്‍ കെ. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ഭക്തിഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഹരിവരാസനം പുരസ്‌കാരത്തിന് തിരുവിഴ ജയശങ്കറെ തെരഞ്ഞെടുത്തത്. അയ്യപ്പഭക്തിഗാനങ്ങളും ശരണമന്ത്രങ്ങളും നാഗസ്വരത്തിലൂടെ ആവിഷ്‌കരിച്ച് ആത്മീയ സംഗീതത്തിന് പുതിയ ഭാവം നല്‍കുകയും സംഗീതത്തെ ജനകീയമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.

ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി സന്തോഷ്‌കുമാര്‍, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, എ.ഡി. എം. അരുണ്‍. എസ്. നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ബി സുനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

---------------

Hindusthan Samachar / Sreejith S


Latest News