Enter your Email Address to subscribe to our newsletters

Chennai, 13 ജനുവരി (H.S.)
നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ അവസാന ചിത്രമായ 'ജനനായകന്‍' റിലീസ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് തമിഴ് സംസ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ജനനായകന്‍ എന്ന സിനിമയെ തടയാനുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല,' എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായാണ് ജനനായകന്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ജനുവരി 9ന് ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ ചിത്രം കുടുങ്ങിയതാണ് റിലീസ് വൈകാന്‍ കാരണമായത്.
സിനിമ പരിശോധിച്ച കമ്മിറ്റി 27 കട്ടുകളാണ് നിര്‍ദ്ദേശിച്ചത്. സിനിമാ പ്രവര്‍ത്തകര്‍ ഈ മാറ്റങ്ങള്‍ വരുത്തുകയും ഡിസംബര്‍ 22ന് ചിത്രത്തിന് 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ബോര്‍ഡ് അറിയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമ വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് ജനുവരി 9ലെ റിലീസ് അനിശ്ചിതത്വത്തിലായത്.
തുടര്‍ന്ന്, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഡിവിഷന്‍ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. നിലവില്‍ സിനിമാ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള ചിത്രമായതിനാല്‍ മനഃപൂര്‍വ്വം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ആരാധകരുടെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ആരോപണം.
---------------
Hindusthan Samachar / Sreejith S