Enter your Email Address to subscribe to our newsletters

Kannur, 14 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സിപിഎമ്മില്‍ നിന്ന് ആളെ എത്തിക്കാൻ യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമമെന്ന് വ്യക്തമാക്കുന്ന വാർത്തകള്‍ പുറത്ത്.
കണ്ണൂർ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളില്‍ ഒരാളായ സികെപി പത്മനാഭനെയാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് മറുചേരിയിലേക്ക് കൊണ്ട് വരാൻ പദ്ധതിയിടുന്നതെന്നാണ് ലഭ്യമായ വിവരം. സികെപി പത്മനാഭനുമായി മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരൻ എംപി കൂടിക്കാഴ്‌ച നടത്തി.
സികെപി പത്മനാഭന്റെ വീട്ടിലെത്തിയാണ് കെ സുധാകരൻ കൂടിക്കാഴ്‌ച നടത്തിയത്. ഇതോടെയാണ് ഐഷ പോറ്റിക്ക് ശേഷം വലത് നിരയിലേക്ക് അടുക്കുന്ന സിപിഎം നേതാവ് എന്ന നിലയില്‍ സികെപിയുടെ പേര് ഉയർന്നുവരുന്നത്. ഇരുവരും ചർച്ച നടത്തുന്നതിന്റെയും കൂടിക്കാഴ്‌ചയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
സൗഹൃദ സന്ദർശനം മാത്രമാണ് ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉള്‍പ്പെടെ അറിയിക്കുന്നത്.എന്നാല്‍ ഏറെക്കാലമായി പാർട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സികെപി പത്മനാഭനെ യുഡിഎഫിലേക്ക് ക്ഷണിച്ചതായാണ് വിവരം. കോണ്‍ഗ്രസില്‍ സ്ഥാനം നല്‍കി ജില്ലയില്‍ ഇടത് മുന്നണിയില്‍ നിന്ന് പ്രമുഖനെ എത്തിക്കുക എന്നതാണ് നിലവില്‍ കോണ്‍ഗ്രസ് ലക്ഷ്യം. എംഎല്‍എയായി ഉള്‍പ്പെടെ പ്രവർത്തിച്ചിരുന്നെങ്കിലും അടുത്തകാലത്തായി സിപിഎമ്മുമായി അകന്ന് കഴിയുകയാണ് സികെപി പത്മനാഭൻ.
2006 മുതല്‍ 2011 വരെ തളിപ്പറമ്ബ് മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയിരുന്ന സികെപി പത്മനാഭന്‍ കണ്ണൂർ ജില്ലയില്‍ നിന്നുള്ള മുതിർന്ന സിപിഎം നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കർഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചു കൊണ്ട് 2011 സെപ്റ്റംബറില്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ പിന്നീട് മാടായി ഏരിയ കമ്മറ്റിയിലേക്ക് തിരികെ എടുത്തെങ്കിലും 2024 ലെ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഇക്കാലയളവില്‍ ഒക്കെയും പാർട്ടിയുടെ പ്രധാന വിമർശകരില്‍ ഒരാള്‍ എന്ന നിലയിലായിരുന്നു സികെപി പത്മനാഭൻ പ്രവർത്തിച്ചിരുന്നത്. അവസാനമായി ഏരിയ കമ്മിറ്റിയില്‍നിന്ന് കൂടി തഴഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന കിംവദന്തികള്‍ പരന്നിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഉണ്ടായിരുന്നില്ല.
കർഷക സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലത്ത് സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാർട്ടി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണം. എന്നാല്‍ ഇത്രയും വലിയ തുക ഒരിക്കലും താൻ കൈകാര്യം ചെയ്‌തിട്ടില്ലെന്നും ഒരു തെറ്റും താൻ ചെയ്‌തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തുടർന്ന് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കള്‍ക്ക് നേരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. 20 ലക്ഷം രൂപ പിൻവലിച്ചത് ഇപി ജയരാജനും കെജി രാമകൃഷ്‌ണനും ചേർന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാർട്ടിക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഒരിക്കല്‍ പോലും അനുകൂല പ്രതികരണം അദ്ദേഹത്തിനെ തേടി എത്തിയിരുന്നില്ല.
അതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായും വലതുമുന്നണിയുമായും അദ്ദേഹം കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ വരുന്നത്.
കഴിഞ്ഞ ദിവമാണ് കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷ പോറ്റി പാർട്ടി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേർന്നത്. ഇതൊരു വിസ്‌മയം ആണെന്നും തുടർന്നും ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുമെന്നും ആയിരുന്നു യുഡിഎഫ് ചൂണ്ടിക്കാട്ടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR