Enter your Email Address to subscribe to our newsletters

Thrissur, 14 ജനുവരി (H.S.)
പൂരത്തേയും ഇലഞ്ഞിത്തറമേളത്തേയും അനുസ്‌മരിപ്പിക്കും വിധം ഗംഭീരമായ മേളത്തോടെയാണ് അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുഖ്യ വേദിയായ തേക്കിന്‍കാട് മൈതാനത്ത് തുടക്കമായത്.
മേളപ്രമാണിമാരുടെ നേതൃത്വത്തില്‍ മേളപ്പെരുക്കം കേട്ട് താളം പിടിച്ച് നിന്നവരില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മല്‍സരാര്‍ഥികള്‍ മുതല്‍ മന്ത്രിമാര്‍ വരെയുണ്ടായിരുന്നു. പാറമേക്കാവ്- തിരുവമ്പാടി വിഭാഗക്കാരുടെ മേള പ്രമാണിമാര്‍ നയിച്ച പതിനഞ്ച് മിനുട്ട് നീണ്ട മേളമവസാനിച്ചപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും മുഖ്യാതിഥികളും വേദിയിലേക്ക്.
പെരുവനം കുട്ടന്‍ മാരാരും ഐഎം വിജയനും തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ അമരക്കാരും രാഷ്ട്രീയ നേതാക്കളും അടക്കം തൃശൂര്‍ ജനാവലി ഒന്നടങ്കം പ്രധാന വേദിയിലേക്ക് എത്തി. മുഖ്യ വേദിയായ സൂര്യകാന്തിയില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മനം കവര്‍ന്ന കലോല്‍സവത്തിലെ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരമായിരുന്നു ആദ്യം.
പൂര നഗരിയുടെ കാഴ്‌ചകള്‍ നിറച്ച് സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം മുഖ്യ വേദിയില്‍ അരങ്ങേറി. കേരള കലാമണ്ഡലം വിദ്യാര്‍ഥികളാണ് നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. തൊട്ടു പിന്നാലെ കലോല്‍സവത്തിന്‍റെ പ്രമേയ ഗാനവും അവതരിപ്പിക്കപ്പെട്ടു.
ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് ഗാനങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു. കുടമാറ്റം പോലെ ഏത് മെച്ചമെന്ന് തിരിച്ചറിയാനാവാത്ത എണ്ണം പറഞ്ഞ രണ്ട് ഗാനങ്ങള്‍. ഒന്ന് ചലച്ചിത്ര ഗാന രചയിതാവ് കൂടിയായ ഹരിനാരായണന്‍റെ രചന. മറ്റൊന്ന് പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂളിലെഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി പ്രഫുല്‍ ദാസിന്‍റെ വരികള്‍.
തൃശ്ശിവപേരൂരിന്‍റെയരങ്ങില്‍ പുത്തന്‍ തലമുറയെഴുതുന്നൂ,
കലയുടെ കാവ്യ ചരിത്രം അതിലായ് നവകേരളമോ വിടരുന്നു.
തേക്കിന്‍കാടിനെ വട്ടം വെച്ചൊരു പാട്ടിന്‍താളം ഉയരുന്നു.
ഓരോ മനവും ഒന്നാകുന്നു മല്‍സരമലിയും ഉല്‍സവമായ്,
താളമേളനം സ്വര മധുരം കാവ്യ നാടകം നടന രസം.
മോദ വാരിധി സമനഗരം കേരനാടിതില്‍ കലയുണരുന്നു,
പൂരം പുതുമകള്‍ നിറയും പൂരം പുതിയ മനസ്സിന്‍ നിറപൂരം.
കാണാം കലയുടെ കടലാം പൂരം വേണേല്‍ വേഗം പോര്
പാണ്ടി കൊഴുപ്പിയുണരും വെയിലില്‍ ബാന്‍റ് മിടിപ്പൂ ഇടനെഞ്ചില്‍
ചീനിമുട്ട് വിളിച്ചു വരുന്നേ നാട്ടുകാര്‍ക്കീ നടവഴിയില്‍
നിളയുടെ ഓരം പകരും ചുവടില്‍ നെല്‍ക്കതിരാടും വടിവുകളില്‍
പല പല മുദ്രകള്‍ കഥയെഴുതുന്നു തിരിയുഴിയുന്നൂ മലയാളം
ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് മണികണ്‌ഠന്‍ അയ്യപ്പയാണ്.
കലോത്സവത്തിന് അരങ്ങുണരുമ്പോൾ, അതിന് വർണ്ണാഭമായ തുടക്കമാണ് സ്വാഗതഗാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കവി ശ്രീ. ബി.കെ ഹരിനാരായണൻ എഴുതിയ അതിമനോഹരമായ വരികൾക്ക്, ശ്രീ. മണികണ്ഠൻ അയ്യപ്പൻ നൽകിയ സംഗീതം ജീവൻ പകർന്നപ്പോൾ അത് ആസ്വാദകരുടെ മനം കവർന്നു. ഈ സ്വാഗതഗാനത്തിന് ദൃശ്യഭംഗിയേകിക്കൊണ്ട് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ നടത്തിയ അവതരണം കലോത്സവ വേദിക്ക് തിളക്കമായി. കേരളീയ കലകളുടെ തനിമയും പാരമ്പര്യവും ഒത്തിണങ്ങിയ ആ നൃത്തവിസ്മയം കലോത്സവത്തിന്റെ ആവേശം വാനോളമുയർത്തിയിരിക്കുകയാണ്. ഈ മനോഹര ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, അത് വേദിയിൽ എത്തിച്ച കലാമണ്ഡലം വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കുറിച്ചു.
പ്രമേയ ഗാനവും ശ്രദ്ധേയമായി...
മനോഹരമായ വരികളും അതി മനോഹരമായ ഈണവുമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രമേയ ഗാനവും ശ്രദ്ധേയമായി.
മലയാളത്തിന്‍ കള ശിഞ്ജിത മേളം, കലയുടെ മേളം വരവായി.
ആടാം പാടാം തിരി തെളിയിക്കാം അറുപത്തിനാലാം തിരി തെളിയിക്കാം.
കലയുടെ വിസ്‌മയ ലോകം തീര്‍ക്കാം കൗമാരത്തിന്‍ സര്‍ഗോല്‍സവം.
മലനാട്ടിന്‍ മാമാങ്കം കലോല്‍സവം ..
കേരള സ്‌കൂള്‍ കലോല്‍സവം...
കലോല്‍സവം ..കേരള സ്‌കൂള്‍ കലോല്‍സവം...
പുതിയ യുഗത്തിന്‍ പുലരി പിറന്നു കലയുടെ വിസ്‌മയ വിദ്യകള്‍ തീര്‍ത്തു.
ഭാവന തീര്‍ത്തു കലകള്‍ക്കിന്നും മോഹനമാം പുതു ഭാവങ്ങള്‍.
നാട്യവും ഈണവും നാടന്‍ ശീലും ചടുലതയാര്‍ന്നൊരു കാല്‍ വെപ്പുകളും
ആഴ്ന്നിറങ്ങും ഈ മണ്ണില്‍ കോര്‍ത്തിണക്കാം ചേര്‍ത്തു നിര്‍ത്താം
മലയാളത്തിന്‍ മാമാങ്കത്തെ.
വഞ്ചിപ്പാട്ടിന്‍ ഈണവും തുഴകള്‍ തന്‍ താളവും
മാമ്പൂവിന്‍ മണം പരത്തും അറിവിന്‍ നിറവുകളാകട്ടെ.
മണ്ണിന്‍റെ മണമുള്ള അറിവിന്‍റെ മികവിന്
കാലത്തിന്‍ മുത്തായി വളപ്പൊട്ടുകള്‍ മയില്‍ പ്പീലിത്തുണ്ടുകള്‍.
നാവിന്‍തുമ്പിലെ വെറ്റിലത്തരിയായ് ..
ഓര്‍മ്മതന്‍ കുഞ്ഞോളങ്ങള്‍ താളം തുള്ളുന്നേ.
താളം തുള്ളുന്നേ.
നാടകം ഇടനെഞ്ചില്‍ ചേര്‍ത്തൊരു താളം തുള്ളിയണഞ്ഞു വന്നല്ലോ.
ദ്രാവിഡ ശ്രീ തന്‍ ഗോത്ര കലകള്‍ നൃത്തം വെക്കുന്നല്ലോ
നാടന്‍ പാട്ടിന്‍ വായ്ത്താരി അലതല്ലുകയാണല്ലോ.
മണവാട്ടിപ്പെണ്ണിന്‍ റെ മൈലാഞ്ചി മൊഞ്ച്
മണവാളന്‍ ചെക്കന്‍റെ പൊടിമീശ ഡമ്പ്.
കണ്ടോളൂ കണ്ടോളൂ
നമ്മുടെ അറിവിന്‍അക്ഷര സത്യങ്ങള്‍
മികവിന്‍റെ സാക്ഷ്യങ്ങള്‍.
മലകള്‍ പുഴകള്‍ സാഗരങ്ങള്‍ കായല്‍ച്ചന്തങ്ങള്‍
കൈകോര്‍ത്തു വരച്ചൊരു നാടിന്‍ ഭാഗ്യമിതാ.
മണ്ണിന്‍ കലാ വിരുതുകള്‍ കല്‍പ്പന തീര്‍ത്തു വരച്ചൊരു മഴവില്ലാകാശം...
കലോല്‍സവം.. കേരള സ്‌കൂള്‍ കലോല്‍സവം...
64 വര്‍ഷത്തെ കേരളത്തിന്‍റെ കലോത്സവ പാരമ്പര്യത്തെ കോര്‍ത്തിണക്കി വ്യത്യസ്‌ത സംസ്‌കാരത്തേയും കലാരൂപങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഗാനമാണിത്. പൊറ്റശ്ശേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ പ്രമേയ ഗാനം ഒന്നിനൊന്ന് മികച്ചതായിരുന്നു.
പ്രഫുല്‍ ദാസ് വി രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് വിദ്യാര്‍ഥികളായ അക്ഷയ് വി കെയും ഹൃദ്യ കൃഷ്‌ണയുമായിരുന്നു.
തൃശ്ശൂരിലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം എങ്ങിനെ ഉത്തരവാദിത്ത കലോല്‍സവമാകും എന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ് വിശദീകരിച്ചു.
മാലിന്യം ഒഴിവാക്കി കാര്‍ബണ്‍ ഫുട് പ്രിന്‍റ് ഇല്ലാത്ത മേളയാക്കാനും ഇതേ ജീവിത ശൈലി പിന്തുടരാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ അവര്‍ വിവരിച്ചു. ഉത്തരവാദിത്വത്തോടെ, സ്നേഹത്തോടെ എന്ന മുദ്രാവാക്യവുമായി നടത്തുന്ന തൃശ്ശൂര്‍ കലോല്‍സവം വേറിട്ടതാവുന്നത് എങ്ങിനെയെന്നതിന്‍റെ ചെറു ചിത്രം മല്‍സരാര്‍ത്ഥികള്‍ക്ക് കിട്ടി.
ഉത്തരവാദിത്വം കൂടിയാല്‍ സന്തോഷം കുറയും എന്ന ചിന്ത തെറ്റാണെന്ന് ഓര്‍മ്മിപ്പിച്ച് സമൂഹം നമ്മിലേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് കലോല്‍സവം കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. മാലിന്യം ഉണ്ടാക്കാതിരിക്കാന്‍ ലക്ഷ്യമിടുന്ന സീറോ വേസ്റ്റ് കലോല്‍സവമാണ് തൃശ്ശൂരിലേത്.
ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന ഡിസ്പോസിബിള്‍ വസ്‌തുക്കള്‍ കലോല്‍സവ വേദിയില്‍ നിരോധിച്ചു. മള്‍ട്ടിലെയര്‍ പാക്കറ്റുകളില്‍ വരുന്ന ചോക്ലേറ്റ്, ബിസ്‌കറ്റ്, ടെട്രാ പാക്ക് ജ്യൂസ്, ചിപ്‌സ്, പാക്കറ്റ് ഭക്ഷണം ജംഗ് ഫുഡുകള്‍ എന്നിവയും നിരോധിച്ചു.
ഇതൊക്കെ ഭൂമിക്ക് ഭാരമാകുന്ന മാലിന്യങ്ങളാണെന്നതിനു പുറമേ കുട്ടികളുടെ ആരെഗ്യത്തിനും വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. പകരം പരമ്പരാഗത ഭക്ഷണം പ്രോല്‍സാഹിപ്പിക്കും. വലിച്ചെറിയുന്നതിനും ഉപേക്ഷിക്കു്നനതിനും പകരം സാധനങ്ങളുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കും.
കുറച്ചു കാലം മാത്രം ഉപയോഗിച്ച് വസ്‌തുക്കള്‍ വലിച്ചെറിയുന്ന ഉപഭോഗ സംസ്‌കാരം തിരുത്താനുള്ള എളിയ ശ്രമം. ഒരാള്‍ ഉപയോഗിച്ച വസ്‌തു ഉപേക്ഷിക്കാനും മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാപ് ഷോപ്പുകള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്നതിന് മുന്നോടിയായി കലോല്‍സവ നഗരിയില്‍ സ്വാപ് സ്റ്റാള്‍ പ്രവര്‍ത്തനം തുടങ്ങി.
പിന്നെ ഒത്തൊരുമിച്ച് കലോല്‍സവ വേദികളിലേക്ക്. മല്‍സരങ്ങള്‍ മിക്കവേദികളിലും പതിനൊന്നരയോടെ ആരംഭിച്ചിരുന്നു. ആദ്യ ദിവസം 63 ഇനങ്ങളിലാണ് മല്‍സരം പൂര്‍ത്തിയാക്കാനുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR