Enter your Email Address to subscribe to our newsletters

Kasaragod, 14 ജനുവരി (H.S.)
രോഗബാധയും ഉത്പാദനക്കുറവും മൂലം പ്രതിസന്ധിയിലായ കവുങ്ങ് കർഷകർക്ക് പ്രതീക്ഷയേകി വിപണിയിൽ അടയ്ക്ക വില കുതിക്കുന്നു. പുതിയ അടയ്ക്കയുടെ (കൊട്ടടക്ക) വില കിലോയ്ക്ക് 400 രൂപയിൽ നിന്നും 470 രൂപയിലേക്കാണ് ഉയർന്നത്. മുൻവർഷങ്ങളിൽ പരമാവധി 400 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. അതാത് വർഷം തന്നെ ഉണക്കി കൊട്ടടക്കയായി വിൽക്കുന്ന ഇനമാണ് പുതിയ അടക്ക. പുതിയ അടയ്ക്കയുടെ വില വർധിച്ചതോടെ പഴയ അടയ്ക്കയ്ക്കും (ഒരു വർഷം സൂക്ഷിച്ചുവെച്ചത്) ഡിമാൻഡ് ഏറി. പഴയ അടയ്ക്കയ്ക്ക് കിലോയ്ക്ക് 550 രൂപ വരെയാണ് നിലവിലെ വിപണി വില. പുതിയതും പഴയതുമായി വിലയിൽ 100 രൂപയുടെ വ്യത്യാസമായി കുറഞ്ഞു.
മുൻ വർഷത്തെ കൊട്ടടക്ക കേടു കൂടാതെ സൂക്ഷിക്കുന്നവയാണ് പഴയ അടയ്ക്കയായി പറയുന്നത്. ഈർപ്പം ഏൽക്കാതെ സുരക്ഷിതമായി സൂക്ഷിക്കണം. ഇത്തരത്തിൽ സൂക്ഷിക്കുന്നത് കുറച്ച് പ്രയാസം സൃഷ്ടിക്കുമെങ്കിലും ഉയർന്ന വില ലഭിക്കുന്നതിനാൽ കർഷകർ കൂടുതലായും വിൽക്കുന്നത് ഇങ്ങനെ ആണ്.
അതേ സമയം വില കൂടുതൽ ആണെങ്കിലും വരവ് കുറഞ്ഞതായി കച്ചക്കവടക്കാർ പറയുന്നു. അതിനുള്ള പ്രധാന കാരണം ഉത്പാദനം കുറഞ്ഞതാണെന്നു കർഷകനായ ശിവ ആദൂർ പറഞ്ഞു. മഞ്ഞളിപ്പ് രോഗം വ്യാപകമായി ബാധിക്കുകയാണ്. രോഗം വന്നാൽ ഒരു മാസം കൊണ്ട് കവുങ്ങ് പൂർണമായും നശിക്കും. മറ്റു കവുങ്ങുകളിലേക്കും ഇത് പടരും. കവുങ്ങ് കർഷകരെ സംരക്ഷിക്കാൻ സർക്കാർ പാക്കേജ് അനുവദിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതായും ശിവ പറഞ്ഞു.
പ്രതിസന്ധി മഞ്ഞളിപ്പിന് പുറമേ മഹാളിയും
മഞ്ഞളിപ്പിന് പുറമെ അടയ്ക്ക കർഷകരെ പ്രധാനമായും ആശങ്കയിലാക്കുന്നത് മഹാളി രോഗമാണ്. ഇതുകൂടി ആയതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. വളങ്ങളുടെ വില കൂടുന്നതും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഫൈബർ തോട്ടി ഉപയോഗിച്ചാണ് നിലവിൽ മരുന്ന് അടിക്കുന്നത്. ഇതിന് തൊഴിലാളികൾക്ക് ഇരട്ടി വില നൽകേണ്ടി വരുന്നുണ്ടെന്നും കർഷകർ പറയുന്നു.
സീസൺ കാലം
കർഷകർക്ക് ഇപ്പോൾ സീസൺ കാലമാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് അടയ്ക്ക പറിക്കൽ. വിദേശ അടയ്ക്കയുടെ ഇറക്കുമതി സംസ്ഥാനത്തെ കവുങ്ങ് കർഷകരെ ബാധിച്ചിട്ടുണ്ട്. മ്യാൻമാർ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അടയ്ക്ക പാൻമസാല വ്യവസായികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. വിദേശ ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്നാണ് കർഷകരുടെ ആവശ്യം.
അടയ്ക്ക കൃഷിയിലെ 'നമ്പർ വൺ' കാസർകോട്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോടാണ്. 20,080.88 ഹെക്‌ടർ സ്ഥലത്താണ് കവുങ്ങ് കൃഷിയുള്ളത്. വര്‍ഷം തോറും 40,734 ലധികം ടണ്‍ അടയ്‌ക്കയാണ് ജില്ലയില്‍ നിന്ന് വിളവെടുക്കുന്നത്. കൃഷി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 96570.49 ഹെക്‌ടറിലാണ് കവുങ്ങ് കൃഷി. വാർഷിക ഉത്പാദനമാകട്ടെ 1,03,158.596 ടണ്ണും. ഗുണമേന്‍മയിലും കാസർകോട് അടയ്‌ക്കയാണ് മുന്നിൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR