Enter your Email Address to subscribe to our newsletters

Newdelhi, 14 ജനുവരി (H.S.)
രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്ഐആർ) ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. നാടുകടത്തലും മറ്റും സർക്കാരിൻ്റെ തീരുമാനമാണെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അറിയിച്ചു.
എസ്ഐആറിൻ്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്‌തുള്ള ഹർജികള്‍ പരിഗണിക്കവെയാണ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിശദമായ വാദം കേട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ഹാജരായത്.
എന്നാൽ പൗരത്വം തെളിയിക്കേണ്ട സാഹചര്യത്തിൽ സൂക്ഷ്‌മപരിശോധനയ്ക്കായി കേന്ദ്ര സർക്കാരിനെ വിവരം അറിയിക്കാനും വിദേശി നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനും ഇസിഐക്ക് നിയമപരമായി അധികാരമുണ്ടെന്നും കമ്മീഷനെ പ്രതിനിധീകരിച്ച് രാകേഷ് ദ്വിവേദി വാദിച്ചു. വോട്ടർ പട്ടിക പരിഷ്‌കരിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ടെന്നും വോട്ടർ പട്ടികയിൽ വിദേശികൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് കടമയാണെന്നും കമ്മീഷൻ കോടതിയിൽ വാദിച്ചിരുന്നു.
നേരത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ ഇന്ത്യയിൽ ജനിച്ചിരിക്കുകയും ഒരു രക്ഷിതാവ് ഇന്ത്യൻ പൗരനായിരിക്കണം എന്നുമായിരുന്നു നിബന്ധന. എന്നാൽ ഇപ്പോൾ അവ പരിഷ്‌കരിച്ച് ജനനം, രണ്ട് മാതാപിതാക്കളും ഇന്ത്യൻ പൗരന്മാരായിരിക്കണം എന്ന് വ്യവസ്ഥ കൊണ്ടുവന്നുവെന്നുമുള്ള ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയുടെ നിരീക്ഷണത്തിനാണ് കമ്മീഷൻ മറുപടി നൽകിയത്.
അതേസമയം പൗരത്വ നിയമം 1955 ലാണ് വന്നതെന്നും അവയുടെ രണ്ടാം ഭാഗം ഇതുവരയെും അന്തിമമാക്കിയിട്ടില്ലെന്നും അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മേൽനോട്ടത്തിലുള്ള ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് ദ്വിവേദി ഊന്നിപ്പറഞ്ഞു. വോട്ടർ പട്ടികയിൽ തുടരാനുള്ള യോഗ്യത പരിശോധിക്കുന്നതിന് മാത്രമേ നിയന്ത്രണങ്ങൾ ബാധകമാകൂ എന്നും, ഇന്ത്യയിൽ തുടരുകയോ നാടുകടത്തുകയോ പോലുള്ള കാര്യങ്ങൾ സർക്കാരിൻ്റെ പരിഗണനയിലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌ഐആർ പരിശോധനയ്ക്കിടെ പ്രതികൂലമായ കണ്ടെത്തൽ ഉണ്ടായാൽ, അത് ആ വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും അത് നാടുകടത്തലിന് കാരണമാകില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ്റഎ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവിൽ പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് പാനലിൻ്റെ അധികാരങ്ങൾ, പൗരത്വം, വോട്ടവകാശം എന്നിവ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹർജികൾ ഉയർത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR