സ്വര്‍ണവില മുന്നോട്ട്; ഇന്നും വന്‍ വര്‍ധന
Kochi, 14 ജനുവരി (H.S.) കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന വിലയില്‍ എത്തുമ്പോള്‍ വിറ
Gold rate


Kochi, 14 ജനുവരി (H.S.)

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില ഉയരാന്‍ കാരണം.

വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന വിലയില്‍ എത്തുമ്പോള്‍ വിറ്റഴിച്ച്‌ ലാഭം കൊയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിച്ചാല്‍ അല്‍പ്പം വില ഇടിവ് വന്നേക്കാം. എങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട.

സ്വര്‍ണവില ഉയര്‍ന്നതില്‍ വലിയ വെല്ലുവിളി നേരിടുന്നത് ആഭരണം വാങ്ങുന്നവരാണ്. ആഭരണ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ജ്വല്ലറികളില്‍ പുതിയ സ്വര്‍ണാഭരണം വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞു. പല ജ്വല്ലറികളും ജീവനക്കാരെ വെട്ടിക്കുറച്ചു. ചെറുകിട ജ്വല്ലറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 105320 രൂപയാണ് വില. 800 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 100 രൂപ വര്‍ധിച്ച്‌ 13165 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10820 രൂപയും പവന് 86560 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8430 രൂപയായിരുന്നു വില. പവന് 67440 രൂപയും. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5435 രൂപയും പവന് 43480 രൂപയുമാണ് വില.

അതേസമയം, വെള്ളിയുടെ വില വലിയ തോതില്‍ ഉയരുകയാണ്. ഗ്രാമിന് 285 രൂപയായി. പത്ത് ഗ്രാമിന് 2850 രൂപയും. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 99040 രൂപയായിരുന്നു വില. ഇന്നത്തെ വിലയേക്കാള്‍ 6000ത്തില്‍ അധികം രൂപയുടെ കുറവായിരുന്നു. അന്ന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ചുരുക്കം.

ഓരോ ദിവസവും വലിയ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. രാജ്യാന്തര വിപണി സാഹചര്യം മോശമായി നില്‍ക്കുന്നതിനാല്‍ ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.സ്വര്‍ണാഭരണം വാങ്ങുന്നവര്‍ പതിവ് രീതി മാറ്റിവില ഇത്രയും ഉയര്‍ന്നതോടെ ആഭരണം വാങ്ങുന്നവര്‍ പിന്നാക്കം പോയിട്ടുണ്ട്.

ആഭരണം ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണാഭരണം മാറ്റിവാങ്ങുകയാണ്. മിക്കവരും താഴ്ന്ന കാരറ്റുകളിലേക്ക് മാറിയിട്ടുണ്ട്. 18, 14, 9 കാരറ്റുകളിലെല്ലാം ആഭരണം മാത്രമേ കിട്ടൂ. ബാറുകളോ കോയിനുകളോ ലഭിക്കില്ല. എന്നാല്‍, 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ വില കുറയും.

താഴ്ന്ന കാരറ്റുകളില്‍ സ്വര്‍ണത്തിന്റെ അംശം താരതമ്യേന കുറവായിരിക്കും.ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.14 ലക്ഷം രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 1.04 ലക്ഷം രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. എന്നാല്‍ കൂട്ടത്തോടെ പഴയ സ്വര്‍ണം വില്‍പ്പന നടക്കുന്നതിനാല്‍ ജ്വല്ലറികളില്‍ നിന്ന് വേഗത്തില്‍ പണം ലഭിക്കുന്നില്ല. രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4627 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഡോളര്‍ സൂചിക 99.14 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യം 90.09 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. രൂപയും ഡോളറും കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ തുടര്‍ച്ചയായി ഉയരുന്നതാണ് പുതിയ കാഴ്ച. ഇറാന്‍, വെനസ്വേല, അമേരിക്ക, വ്യാപാര ചുങ്കം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണ വില കൂടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News