Enter your Email Address to subscribe to our newsletters

Kozhikode, 14 ജനുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലക്ക് പുറത്തടക്കം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ആർഎംപി. നിലവിൽ വടകരയിൽ മത്സരിച്ച് വിജയിച്ച പാർട്ടിക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ജില്ലകളിലായി 32 അംഗങ്ങളുണ്ട്. ഒഞ്ചിയത്തും ഏറാമലയിലും യുഡിഎഫ് സഹായത്തോടെ ഭരിക്കുന്ന പാർട്ടിക്ക് തൃശൂരിൽ അഞ്ചും പാലക്കാട് രണ്ടും അംഗങ്ങളുണ്ട്. ഇതിൽ തൃശൂരിലെ നാല് സ്ഥാനാർഥികൾ മൂന്ന് മുന്നണികളോടും പോരാടിയാണ് ജയിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച പാർട്ടിക്ക് ബ്ലോക്കിലും ഒരംഗമുണ്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചെങ്കിലും ആർഎംപി സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.
സിപിഎം ആറുമാസത്തെ ആയുസ് മാത്രം പ്രവചിച്ച ആർഎംപി, മൂന്ന് തവണ തുടർച്ചയായി ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുകയാണ്; ഒപ്പം ഏറാമലയും. കഴിഞ്ഞ തവണ വടകരയിൽ വിജയിക്കുകയും ചെയ്തു. ഈ വളർച്ച മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്നതിനപ്പുറം ഒരു സംസ്ഥാന പാർട്ടിയായി ആർഎംപി വളർന്നു കഴിഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിലെ അസോസിയേറ്റ് അംഗമായ തങ്ങൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു. തൃശൂർ ജില്ലയിലെ കുന്നംകുളവും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലും തങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. മുന്നണി തങ്ങളുടെ ആവശ്യം ന്യായമായ രീതിയിൽ പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞു.
വടകരയിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്; പാർട്ടി ഒന്നും തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരും. എന്തായാലും സംസ്ഥാന സെക്രട്ടറി എൻ. വേണുവിന് തന്നെയാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. അദ്ദേഹത്തിന്‍റെ നിലപാട് വ്യക്തമായതിനു ശേഷം മാത്രമേ മറ്റു ചർച്ചകൾ ഉണ്ടാവുകയുള്ളൂ. കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അനുയോജ്യരായ സ്ഥാനാർഥികളെ രംഗത്തിറക്കും. കെ.കെ. രമ ഇടിവി ഭാരതിനോട് പറഞ്ഞു. കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു മത്സരരംഗത്ത് ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, വടകര തിരിച്ചുപിടിക്കാൻ കഠിനമായ പരിശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. ആർജെഡി സീറ്റ് വെച്ചുമാറണം എന്ന ആവശ്യം സിപിഎം ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ തന്നെ ആർജെഡിയിൽ കലഹമാണ്. മനയത്ത് ചന്ദ്രനും എം.കെ. ഭാസ്കരനും രംഗത്തിറങ്ങാൻ വേണ്ടി ഒരേപോലെ സജ്ജരായിരിക്കുകയാണ്. തർക്കം രൂക്ഷമാകുകയാണെങ്കിൽ പരിഹാര മാർഗ്ഗമായി സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാർ തന്നെ വടകരയിൽ ഇറങ്ങാനും സാധ്യതയുണ്ട്.
സീറ്റ് കിട്ടിയാൽ സിപിഎമ്മും ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള തയാറെടുപ്പിലാണ്. വടകര ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. ദിവാകരൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് എന്നീ പേരുകൾക്കാണ് പ്രാമുഖ്യം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിന് പിന്നാലെ മണിയൂർ സിപിഎമ്മിൽ വലിയ വിഭാഗീയത ഉണ്ടായ പശ്ചാത്തലത്തിൽ, പാർട്ടിക്ക് ക്ഷീണം വരും എന്ന് മനസിലാക്കി തിരിച്ചെടുക്കപ്പെട്ട നേതാവാണ് പി.കെ. ദിവാകരൻ. ടി.പി. ചന്ദ്രശേഖരന്‍റെ അടുത്ത അനുയായി ആയിരുന്നിട്ടും അദ്ദേഹം കൊല്ലപ്പെട്ട സമയത്ത് പാർട്ടിക്ക് വേണ്ടി വലിയ പ്രചാരണം നടത്തിയ വ്യക്തി കൂടിയാണ് ദിവാകരൻ.
ആർഎംപി രൂപീകരണം
സിപിഎം നേതൃത്വവുമായുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ 2008-ൽ ടി.പി. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് ആർഎംപി. ഏറാമല പഞ്ചായത്തിലെ ജനതാദൾ (സെക്കുലർ) ഭരണം പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർട്ടിയുടെ നയവ്യതിയാനങ്ങളുമാണ് രൂപീകരണത്തിന് വഴിവെച്ചത്.
വടകര മേഖലയിലുള്ള ഒഞ്ചിയമാണ് ആർഎംപിയുടെ പ്രധാന രാഷ്ട്രീയ അടിത്തറ. 2012 മെയ് 4-നാണ് ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടത്. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. ടി.പിയുടെ മരണശേഷം എൻ. വേണു, ചന്ദ്രശേഖരന്‍റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ. രമ എന്നിവർ പാർട്ടിയുടെ പ്രധാന മുഖങ്ങളായി. 2016-ൽ കേരളത്തിലെ ആർഎംപി മറ്റ് പത്ത് സംസ്ഥാനങ്ങളിലെ ഇടതുപക്ഷ ഗ്രൂപ്പുകളുമായി ലയിച്ച് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (RMPI) എന്ന പേരിൽ ദേശീയ പാർട്ടിയായി മാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR