കലാ മാമാങ്കത്തിലെ ആദ്യ ഫലം വന്നു; എ ഗ്രേഡ് നേട്ടത്തില്‍ മത്സരാര്‍ഥികള്‍
Thrissur, 14 ജനുവരി (H.S.) അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ആദ്യ മത്സര ഫലം പുറത്തു വന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഫലം വന്നത്. ഹൈസ്‌കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ലളിതഗാന മല്‍സര ഫലമാണ് ആദ്യമായി എത്തിയത്. പങ്കെടുത്ത 15 ൽ 14 പേര്‍ക്കും എ ഗ്
KALOLSAVAM 2026 FIRST RESULT OUT


Thrissur, 14 ജനുവരി (H.S.)

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ആദ്യ മത്സര ഫലം പുറത്തു വന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഫലം വന്നത്. ഹൈസ്‌കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ലളിതഗാന മല്‍സര ഫലമാണ് ആദ്യമായി എത്തിയത്. പങ്കെടുത്ത 15 ൽ 14 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.

ഹയര്‍ സെക്കണ്ടറി വിഭാഗം മിമിക്രി മല്‍സരത്തിന്‍റെ ഫലമാണ് പിന്നീട് പുറത്തു വന്നത്. പങ്കെടുത്ത 14 പേരില്‍ 10 പേര്‍ക്ക് എ ഗ്രേഡും മൂന്ന് പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു. പാലക്കാട് ജില്ലയില്‍ നിന്നും സ്പെഷ്യല്‍ ഓര്‍ഡറുമായി മല്‍സരിച്ച ഒരു വിദ്യാര്‍ഥിയുടെ ഫലം കൂടി പ്രസിദ്ധീകരിക്കാനുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കന്നഡ പദ്യം ചൊല്ലലിന്‍റെ ഫലവും മൂന്നരയോടെ വന്നു. പങ്കെടുത്ത 14 ല്‍ 13 പേര്‍ക്കും എ ഗ്രേഡ് ഒരാള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

അതേ സമയം മിക്ക വേദികളിലും മത്സരാര്‍ത്ഥികളുടെ തിരക്കായിരുന്നു. പ്രധാന വേദിയിലെ ആദ്യ മത്സരമായ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തില്‍ ആകെ 18 മത്സരാര്‍ഥികളായിരുന്നു മല്‍സരിച്ചത്. ഒന്നാം വേദിയില്‍ പതിനൊന്നരയ്ക്ക് ആരംഭിച്ച മോഹിനിയാട്ട മല്‍സരം നാലു മണിക്കൂര്‍ പിന്നിട്ടപ്പോഴും മൂന്നരയ്ക്ക് എട്ടു മല്‍സരാര്‍ത്ഥികള്‍ അരങ്ങേറാന്‍ ബാക്കിയായിരുന്നു. നാല് ക്ലസ്റ്ററുകളിലായി മൂന്ന് മണിക്ക് മുമ്പായി മത്സരം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് മണിക്ക് ഇതേ വേദിയില്‍ ആരംഭിക്കുന്ന സംഘ നൃത്ത മത്സരത്തില്‍ 19 ടീമുകളാണുള്ളത്.

രണ്ട് ഇനങ്ങളിലും ജില്ലാതലത്തില്‍ വിജയിച്ചെത്തിയ 14 മത്സരാര്‍ഥികള്‍ക്ക് പുറമേ അപ്പീലിലൂടെ എത്തിയവരും മത്സരിക്കുന്നുണ്ട്. വേദി രണ്ടിലെ ഹൈസ്‌കൂള്‍ ആണ്‍ കുട്ടികളുടെ ഭരതനാട്യ മത്സരത്തിലും 16 പേര്‍ മത്സരത്തിനുണ്ടായിരുന്നു. ജില്ലാതല വിജയികളായ 14 പേരെക്കൂടാതെ രണ്ട് പേര്‍ അപ്പീലിലൂടെയും എത്തി.

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ 20 ടീമുകളാണ് മത്സരിക്കാനുള്ളത്. തേക്കിന്‍കാട് മൈതാനത്തെ വേദി രണ്ടില്‍ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട മത്സരം രാത്രി വൈകും വരെ നീളാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മുതല്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സര ഇനമായ പണിയ നൃത്തത്തിലും മത്സരിക്കാന്‍ ടീമുകളുടെ തള്ളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പതിനേഴും ഹൈ്‌കൂള്‍ വിഭാഗത്തില്‍ പത്തൊമ്പതും ടീമുകളാണ് മത്സരിക്കാനുള്ളത്.

അറബനമുട്ട് മത്സരത്തിലും ടീമുകളുടെ തള്ളിക്കയറ്റമാണ്. ജില്ലാ ജേതാക്കള്‍ക്ക് പുറമേ അപ്പീലുകാരും കൂടിയായതോടെ അറബനമുട്ടില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 19 ടീമുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 ടീമുകളും മത്സരിക്കാനുണ്ട്. മല്‍സരങ്ങള്‍ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആണ്‍ കുട്ടികളുടെ ഭരതനാട്യ വേദിയില്‍ 5 പേരും പണിയ നൃത്തത്തില്‍ ഏഴ് ടീമുകളും അറബന മുട്ടില്‍ 13 ടീമുകളും ചാക്യാര്‍ കൂത്തില്‍ 6 മല്‍സരാര്‍ത്ഥികളും ഓട്ടന്‍ തുള്ളലില്‍ 14 പേരും അരങ്ങേറാന്‍ ബാക്കിയായിരുന്നു. ഉര്‍ദു ഗസല്‍ ആലാപനത്തില്‍ 14, സംസ്കൃത നാടകത്തില്‍ 14 ടീമുകള്‍ കേരള നടനത്തില്‍ മൂന്ന് മല്‍സരാര്‍ത്ഥികള്‍ എന്നിവരും അരങ്ങേറാന്‍ ബാക്കിയാണ്.

കലാകാരൻമാരുടെ മതം കലയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ക്രിസ്‌മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. അറുപത്തിനാലാമത് സ്‌കൂൾ കലോത്സവത്തിൻ്റെ ഉദ്‌ഘാടനത്തിനിടെ സംസാരിക്കുകായിരുന്നു.

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലുക കൂടിയാവണം. സാമൂഹ്യ വ്യവസ്ഥയിൽ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. മത്സരങ്ങൾ നടക്കുന്നത് കുട്ടികൾ തമ്മിലാണെന്നും രക്ഷിതാക്കൾ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News