Enter your Email Address to subscribe to our newsletters

Kottarakkara, 14 ജനുവരി (H.S.)
കൊട്ടാരക്കര ബൈപാസ് നിര്‍മ്മാണത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍.
കൊട്ടാരക്കരയുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്നമാണ് ഇതോടെ സാഫല്യത്തിലേക്കടുക്കുന്നത്. പതിറ്റാണ്ടുകളായി ഗതാഗതക്കുരുക്കിനാല്‍ വലയുന്ന കൊട്ടാരക്കര നഗരത്തിന് വലിയ ആശ്വാസമായി ബൈപാസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
'കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 6.2432 ഹെക്ടര്‍ (15.5 ഏക്കര്‍) സ്ഥലമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്. വിജ്ഞാപനം പുറത്തുവന്നതോടെ സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായ ഭൂമി വില നിര്‍ണ്ണയം, പുനരധിവാസം തുടങ്ങിയ നടപടികളിലേക്ക് കടക്കാനാകും. 2021-ല്‍ കൊട്ടാരക്കരയുടെ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒന്നാമത്തെ വാഗ്ദാനം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുമെന്നതായിരുന്നു.
നഗരത്തിന് നടുവിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഒരു കൂട്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് നഗരത്തെ ശ്വാസംമുട്ടിക്കുമെന്നും മേല്‍പ്പാലത്തിന് താഴെയുള്ള കച്ചവടവും ഗതാഗതവും തകരാറിലാക്കുമെന്നുമുള്ള പൊതു അഭിപ്രായം ഉയര്‍ന്നുവന്നു. അത് സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം കൂടി ആരാഞ്ഞ ശേഷം മേല്‍പ്പാലനിര്‍ദ്ദേശം ഒഴിവാക്കി.
പിന്നീടാണ് 2022-ല്‍ കൊട്ടാരക്കര ബൈപാസ് പദ്ധതി രൂപകല്‍പന ചെയ്യുന്നത്. അതിനായി കിഫ്ബി വഴി ആദ്യഘട്ടം എന്ന നിലയില്‍ ഭൂമിയേറ്റെടുക്കലിനായി 110 കോടി രൂപ അനുവദിച്ചു.കൊട്ടാരക്കര -തിരുവനന്തപുരം എം.സി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും ആരംഭിച്ച് പുലമണില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാതയായി എത്തി ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം എം.സി റോഡില്‍ ചേരുന്ന നിലയില്‍ നാലുവരി പാതയായാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
കേരള റോഡ് ഫണ്ട് ബോര്‍ഡ് (KRFB) ആണ് ബൈപാസിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV).ബൈപാസിന്റെ ആകെ നീളം 2.8 കി.മീ ആണ്. ആയതില്‍ 1.6 കി.മീ റോഡും 1.2 കി.മീ നീളമുള്ള ഫ്ളൈ ഓവറും ഉള്‍പ്പെടുന്നു. റോഡിന്റെ വീതി 23 മീറ്ററും ഫ്ളൈ ഓവറിന്റെ വീതി 20 മീറ്ററുമാണ്. 27.02.2023-ല്‍ ചേര്‍ന്ന കിഫ്ബിയുടെ 45-ാം ജനറല്‍ ബോഡി യോഗത്തിലാണ് ബൈപാസ് നിര്‍മ്മിക്കുന്നതിനായി KRFB സമര്‍പ്പിച്ച പദ്ധതിയ്ക്ക് 110.35 കോടി രൂപ ചെലവില്‍ അംഗീകാരം നല്‍കിയത്.
കൊട്ടാരക്കര, മൈലം എന്നീ വില്ലേജുകളില്‍ നിന്നും ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 17.12.2024-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.KRFB കളക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാര്‍ (LA-KIIFB)-നെ ചുമതലപ്പെടുത്തി. കൂടാതെ ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനായി 26.12.2024-ന് കളമശ്ശേരി രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനത്തെ നിയോഗിച്ചു.
18.05.2025-ല്‍ സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. സാമൂഹിക ശാസ്ത്രജ്ഞന്‍, പുനരധിവാസ വിദഗ്ദ്ധന്‍, തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയേറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 11 (1) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് രണ്ട് മാസത്തിനുള്ളില്‍ അടുത്ത നടപടിയിലേക്ക് കടക്കാന്‍ കഴിയും.
ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും മരങ്ങളുടെയും വിലനിര്‍ണ്ണയം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഭൂമിയുടെ വില നിര്‍ണ്ണയിച്ച് BVR (Basis Value Report) ആയി പ്രസിദ്ധീകരിക്കും. ബൈപാസിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി മാറിപ്പോകേണ്ടിവരുന്നവര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും അവിടെ തൊഴിലെടുക്കുന്നവര്‍ക്കും പ്രത്യേക പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യങ്ങള്‍ നിശ്ചയിച്ചുനല്‍കും.
2026 മാര്‍ച്ചില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027-ഓടെ കൊട്ടാരക്കര ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.
ജനവാസ മേഖലകളില്‍ ഒരു ബൈപാസിന്റെ അലൈന്‍മെന്റ് ഉണ്ടാക്കി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ അനുമതികളും നേടിയെടുക്കാന്‍ സാധാരണഗതിയില്‍ വേണ്ടിവരുന്ന സമയം കണക്കാക്കുമ്പോള്‍ കൊട്ടാരക്കര ബൈപാസിന്റെ നടപടികള്‍ വേഗത്തിലാണ് മുന്നോട്ടുപോകുന്നത് എന്നുകൂടി പറയാനാഗ്രഹിക്കുന്നു.
പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം നല്‍കി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടി വരെ എത്തുവാന്‍ നമുക്ക് കഴിഞ്ഞു. ഭൂമി പൂര്‍ണ്ണമായും ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒന്നര വര്‍ഷം കൊണ്ട് ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും', അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR