പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം 2026 ജനുവരി 20ന്
Thiruvananthapuram, 14 ജനുവരി (H.S.) പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം 2026 ജനുവരി 20ന് ആരംഭിക്കുകയാണ്. ബഹുമാനപെട്ട ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച
Niyamasabha


Thiruvananthapuram, 14 ജനുവരി (H.S.)

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം 2026 ജനുവരി 20ന് ആരംഭിക്കുകയാണ്. ബഹുമാനപെട്ട ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുന്നതുമാണ്. ജനുവരി 20 മുതൽ മാർച്ച് 26 വരെയുള്ള കാലയളവിൽ ആകെ 32 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു. ജനുവരി 29 വ്യാഴാഴ്ച 2026 - 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 2, 3, 4തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കുന്നതാണ്. ഫെബ്രുവരി 5-ാം തീയതി2025 - 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തികവര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകള്‍ എന്നിവ പരിഗണിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്നു.

തുടർന്ന് ഫെബ്രുവരി 6 മുതൽ 22 വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തുന്നതാണ്. ഫെബ്രുവരി 24 മുതൽ മാര്‍ച്ച് 19 വരെയുള്ള കാലയളവിൽ 13 ദിവസം 2026-27 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസ്സാക്കുന്നതാണ്. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാകേണ്ടതുണ്ട്. സമ്മേളന കാലയളവില്‍ ജനുവരി 23 ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നിശ്ചയിച്ചിട്ടുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു 2026മാർച്ച് 26-ന് സഭ പിരിയുന്നതാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ ആകെ 182 ദിവസം സഭ ചേരുകയും 158 ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്. ആയതില്‍ 14 ബില്ലുകള്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ പരിഗണനയിലാണ്. വിജ്ഞാപനം ചെയ്ത ആകെ 4 ബില്ലുകള്‍ മാത്രമാണ് ഇനി സഭ പരിഗണിക്കാനുള്ളത്.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിച്ചു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 11.00 മണിക്ക് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥികളായി സാംബിയന്‍ എം.പി.യും കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. ക്രിസ്റ്റഫര്‍ കെ. കലില, 2025-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ശ്രീമതി ബാനു മുഷ്താഖ്, പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. ടി. പത്മനാഭന്‍, ബഹുമാനപ്പെട്ട മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. പുസ്തകോത്സവത്തോടനുബന്ധിച്ച്, കല, സാംസ്കാരിക സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ശ്രീ. എന്‍.എസ്. മാധവന് നല്‍കി ആദരിച്ചു.

അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മലയാള സിനിമാ രംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായ ശ്രീനിവാസന്റെ സ്മരണയ്ക്കായി ശ്രീനി കഥപറയുമ്പോള്‍ എന്ന പേരില്‍ ഒരു വേദി പ്രത്യേകം സജ്ജീകരിച്ചിരുന്നു.

KLIBF Talks, KLIBF Dialogues, Meet the author, Panel discussions, Book release, Book discussions, Students' Corner, Model Parliament എന്നിവ ഉള്‍പ്പെടെ വിവിധ സെഗ്മെന്റുകളിലായി ആകെ 407 പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

ലിറ്റററി ഇവന്റ്സില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായവര്‍ ഉള്‍പ്പെടെ 173 അതിഥികള്‍ പങ്കെടുക്കുകയും ചെയ്തു. 170 പ്രസാധകര്‍ക്കായി 282 പുസ്തകസ്റ്റാളുകള്‍ ഒരുക്കിയിരുന്നു. ഇത്തവണ, കാഴ്ചപരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക ഉപകരണങ്ങള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാള്‍ അനുവദിച്ചിരുന്നു. 16 ഫുഡ്കോര്‍ട്ടുകളുണ്ടായിരുന്നു.

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സങ്കേതികവിദ്യകളും മാത്രം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പതിപ്പിന്റെ പ്രചരണ പരിപാടികള്‍ നിര്‍വ്വഹിച്ചത് എന്നൊരു പ്രത്യേകതകൂടി എടുത്തു പറയേണ്ടതുണ്ട്.

ഇത്തവണയും പ്രത്യേകമായി ഒരുക്കിയിരുന്ന സ്റ്റുഡന്റ്സ് കോര്‍ണര്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും ഒട്ടേറെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകോത്സവത്തില്‍ പങ്കാളികളായത് ഏറെ സന്തോഷം നല്‍കുന്നു. സിറ്റി റൈഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നഗരത്തിലും പുറത്തുമുള്ള ഒട്ടേറ സ്കൂളുകള്‍ പ്രയോജനപ്പെടുത്തുകയുണ്ടായി.

നിയമസഭാ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ തെയ്യത്തറയില്‍ അഞ്ചു ദിവസങ്ങളിലായി ഏഴ് തെയ്യങ്ങള്‍ അവതരിപ്പിച്ചത് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. ഉത്തരകേരളത്തില്‍ മാത്രം പരിചിതമായ അനുഷ്ഠാനകലയായ തെയ്യം കാണുന്നതിനും അറിയുന്നതിനും വിദേശികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഓരോ ദിവസവും എത്തിച്ചേര്‍ന്നു.

പുസ്തകോത്സവത്തിന്റെ ഏഴു ദിവസങ്ങളിലായി 10 മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ഷോ വലിയ തോതിൽ കലാസ്വാദകരെ ആകർഷിച്ചതായി കാണുന്നു. പുസ്തകോത്സവവുമായി സഹകരിച്ച പ്രസ്തുത മാധ്യമ സ്ഥാപനങ്ങളോടുള്ള കേരള നിയമസഭയുടെ നന്ദി അറിയിക്കുകയാണ്.

രണ്ടുലക്ഷത്തിലേറെ ജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത ഈ സാഹിത്യോത്സവ ജനുവരി 13ന് അവസാനിച്ചു. ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍

ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച സമാപന സമ്മേളനത്തില്‍ മൗറീഷ്യസ് മുന്‍ പ്രസിഡന്റ് ഡോ. അമീന ഗുരിബ് ഫകിം വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പുസ്തകോത്സവത്തിനു അർഹമായ പ്രചാരണം നൽകി പുസ്തകോത്സവം വൻവിജയമാക്കാൻ സഹകരിച്ച എല്ലാ പത്ര ദൃശ്യ ശ്രവ്യ ഓൺ ലൈൻ മാധ്യമ സുഹൃത്തുക്കളോടുമുള്ള നന്ദി അറിയിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News