Enter your Email Address to subscribe to our newsletters

Pathanamthitta, 14 ജനുവരി (H.S.)
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യുവമോർച്ചയും. മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിനെ തിരുവല്ലയിലെ ഹോട്ടലില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനം രാജിവയ്‌പ്പിക്കാതെ കസ്‌റ്റഡിയൽ വിട്ടത് ചൂണ്ടിക്കാട്ടിയാണ് യുവജന സംഘടനകൾ രംഗത്തെത്തിയത്.
ഇന്ന് (ജനുവരി 14) രാവിലെയായിരുന്നു എസ്‌ഐടി സംഘം തെളിവെടുപ്പിനായി രാഹുൽ മാങ്കൂട്ടത്തലിനെ തിരുവല്ല ക്ലബ് 7 ഹോട്ടലിൽ എത്തിച്ചത്. രാഹുലിന്‍റെ മുറിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കൂടി എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മൊബൈല്‍ ഫോണ്‍ അടക്കം നിരവധി വസ്‌തുക്കള്‍ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിച്ച് വിഡി സതീശൻ
കേസ് കോൺഗ്രസ് കൈകാര്യം ചെയ്‌ത രീതിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഔദ്യോഗിക പരാതികൾ ഫയൽ ചെയ്യുന്നതിന് മുൻപുതന്നെ പാർട്ടി നിർണായകമായി പ്രവർത്തിച്ചിരുന്നുവെന്നും പരാതി കെപിസിസി പ്രസിഡൻ്റിന് ലഭിച്ചപ്പോൾ ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് എംഎൽഎയെ പുറത്താക്കുകയും ചെയ്‌തുവെന്നും വിഡി സതീശൻ വ്യക്തമാക്കി.
മിക്ക പാർട്ടികളേക്കാളും ശക്തമായ നടപടി കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു എംഎൽഎയുടെ രാജി ആവശ്യപ്പെടാൻ അധികാരമില്ല. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരായ പാർട്ടിയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതാണെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്‌ച (ജനുവരി 16) കോടതി പരിഗണിക്കും. ഇന്നലെയാണ് (ജനുവരി 13) കേസില്‍ എംഎല്‍എയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസമാണ് കസ്‌റ്റഡി കാലാവധി. തനിക്കെതിരെ ലഭിക്കുന്ന മൂന്നാമത്തെ കേസാണിതെന്നും ഇത് മെനഞ്ഞെടുത്ത കഥയാണെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗം പറയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ച (ജനുവരി 10) രാവിലെ 7.30 ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബാത്സംഗ കേസില്‍ അറസ്‌റ്റ് ചെയ്യുന്നത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്‌തിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് കോടതി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടത്.
തിരുവല്ല ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാക്കിയ രാഹുലിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ് നടപടി. അഞ്ച് ദിവസത്തെ കസ്‌റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്‌റ്റഡിയാണ് അനുവദിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR