Enter your Email Address to subscribe to our newsletters

THRISSUR, 14 ജനുവരി (H.S.)
കലാകാരന്‍മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 64 മത് കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വര്‍ഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നല്‍കുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സമാധാനവും സന്തോഷവും ഉയര്‍ത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയണം. ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലുക കൂടിയാവണം. സാമൂഹ്യ വ്യവസ്ഥയില്‍ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പഴയകാലത്ത് കലകള്‍ പലപ്പോഴും ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ജാതിയും ജന്മിത്തവും നിലനിന്നിരുന്ന കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരെ തമ്മില്‍ അകറ്റിയിരുന്നു. അത് കലകളെയും ബാധിച്ചിരുന്നു.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കലോത്സവത്തില്‍ സമ്മാനങ്ങള്‍ നേടുന്നതിനേക്കാള്‍ പ്രധാനം അതില്‍ പങ്കെടുക്കുക എന്നതാണ്. സമ്മാനം ലഭിച്ചവര്‍ മാത്രമല്ല, അല്ലാത്തവരും പില്‍ക്കാലത്ത് വലിയ പ്രതിഭകളായി വളര്‍ന്നിട്ടുണ്ട്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും ഒരാള്‍ക്ക് മികച്ചത് മറ്റൊരാള്‍ക്ക് മികച്ചതോ മോശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങള്‍ നടക്കുന്നത് കുട്ടികള്‍ തമ്മിലാണെന്നും രക്ഷിതാക്കള്‍ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കലോല്‍സവത്തില്‍ ഏതെങ്കിലും രീതിയില്‍ പ്രകടമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കാലുഷ്യത്തിന്റെ കണിക കടക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല മനുഷ്യരാകുക എന്നതാണ് കലയുടെ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1956-ല്‍ എറണാകുളത്ത് 200 കുട്ടികളുമായി തുടങ്ങിയ 'യുവജനോത്സവം' ഇന്ന് 14,000-ത്തിലധികം പ്രതിഭകള്‍ പങ്കെടുക്കുന്ന മഹാമേളയായി വളര്‍ന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.1975ല്‍ മോഹിനിയാട്ടം കഥകളി, സംഗീതം, അക്ഷരശ്ലോകം തുടങ്ങിയവ ഉള്‍പ്പെടുത്തി കലോത്സവം കുറേക്കൂടി വികസിപ്പിച്ചു. 2009ലാണ് കേരള സ്‌കൂള്‍ കലോത്സവം എന്ന പേരില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയത്. 70 വര്‍ഷം കൊണ്ട് ഈ മേളയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളര്‍ന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നവെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജനുവരി 18 വരെ നീളുന്ന കലോത്സവം മതനിരപേക്ഷതയുടെയും വൈവിധ്യങ്ങളുടെയും മഹത്തായ ആഘോഷമാണ്. ഇത്തവണ 'ഉത്തരവാദിത്ത കലോത്സവ'മായാണ് നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് രഹിതവും, ജങ്ക് ഫുഡ് വിമുക്തവുമായ, പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ഒരു മാതൃകാ മേളയാകണം ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശീയ കലകളെക്കൂടി ഉള്‍പ്പെടുത്തി ഇത്തവണ കലോത്സവത്തെ നാം കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S