Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ജനുവരി (H.S.)
56 ദിവസം നീണ്ടുനിന്ന ഭക്തിസാന്ദ്രമായ മുറജപത്തിന് പരിസമാപ്തി കുറിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം. വിശ്വപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രവും പരിസരങ്ങളും ദീപങ്ങളാൽ അലംകൃതമാക്കുന്ന ചടങ്ങാണിത്. ആറു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന അത്യപൂർവ്വ ചടങ്ങാണിത്. മുറജപ സമാപനത്തിന്‍റെ 56-ാം ദിവസം നടക്കുന്ന ശീവേലിയാണ് ലക്ഷദീപം എന്നറിയപ്പെടുന്നത്. ലക്ഷദീപ മഹോത്സവത്തിൽ മാത്രമാണ് തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രത്തിൽ എഴുന്നള്ളി ശീവേലിക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നത്.
ലക്ഷദീപം ഇങ്ങനെ
56-ാം ദിവസം രാത്രി 8 മണിയോടെ ക്ഷേത്രത്തിലെ വടക്കേ നടയിലെയും തിരുവമ്പാടിയിലെയും നാലമ്പലത്തിന് പുറത്തുള്ള ചുറ്റുവിളക്കുകൾ, കമ്പവിളക്കുകൾ, ശീവേലിപ്പുരയിലെ അഴിവിളക്കുകൾ, ശീവേലിപ്പുരയുടെ ഇരുവശങ്ങളിലും താത്കാലികമായി തീർത്തിട്ടുള്ള തട്ടിവിളക്കുകൾ മുതലായവ ദീപങ്ങൾ കൊണ്ട് അലംകൃതമാക്കും. ബൊമ്മ വിളക്കുകൾ, ഇടിഞ്ഞിൽ മുതലായവ എണ്ണയും തിരിയും ഉപയോഗിച്ച് കത്തിക്കും. ശീവേലിപ്പുരയുടെ മേൽക്കൂരയിൽ മുഴുവൻ ഇടിഞ്ഞിൽ വിളക്കുകൾ തെളിക്കും. ദീപക്കാഴ്ചയുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മതിലകത്ത് ഏതെല്ലാം ഭാഗങ്ങളിൽ വിളക്ക് വയ്ക്കുവാൻ സാധിക്കുമോ അവിടെയെല്ലാം ദീപങ്ങൾ കത്തിച്ച് 'ലക്ഷദീപം' എന്നത് അന്വർത്ഥമാക്കും. ശീവേലി എഴുന്നള്ളിക്കുമ്പോൾ നിരവധി ദീപയഷ്ടികൾ ശീവേലിപ്പുരയുടെ ഇരുവശങ്ങളിലുമായി കത്തിച്ചു നിർത്തും. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിനും ലക്ഷദീപത്തിനും തുടക്കമിട്ടത്.
മുറജപം തുടങ്ങിയത് നവംബർ 20-ന്
ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപ ചടങ്ങ് ഇത്തവണ ആരംഭിച്ചത് നവംബർ 20-നാണ്. ഇതിനു മുന്നോടിയായി നവംബർ 19-ന് പുലർച്ചെ 4.30-നും 5-നും ഇടയിൽ വേദമണ്ഡപം സ്ഥാപിച്ചു. നവംബർ 20-ന് രാവിലെ 4 മുതൽ 5 വരെ വേദമന്ത്ര പാരായണത്തോടെ മുറജപം ആരംഭിച്ചു. വേദമന്ത്ര പാരായണമാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. 7 ദിവസം നീണ്ടുനിൽക്കുന്ന വേദമന്ത്ര പാരായണമാണ് ഒരു മുറ. ഇത്തരത്തിൽ 8 മുറകൾ ചേരുമ്പോൾ 56 ദിവസത്തെ മുറജപം പൂർത്തിയാകും.
ശീവേലി ഇന്ന് രാത്രി എട്ടരയ്ക്ക്
ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും. പിന്നാലെ ശീവേലിപ്പുരയുടെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുള്ളിൽ, മതിലകത്തിന് പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലെല്ലാം ദീപം തെളിക്കും. ഇടിഞ്ഞിലുകൾക്കും എണ്ണവിളക്കുകൾക്കും പുറമേ വൈദ്യുത ദീപങ്ങൾ കൂടി തെളിക്കുന്നതോടെ ക്ഷേത്രം പ്രഭാവലയമായി മാറും. രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ്ണനിർമ്മിതമായ ഗരുഡവാഹനത്തിൽ ശ്രീ പത്മനാഭനെയും വെള്ളി ഗരുഡവാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കും. മതിലകത്തേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് ഭക്തർക്ക് പ്രവേശനം. അകത്ത് പ്രവേശിപ്പിക്കുന്നവരെ ചടങ്ങുകൾ കഴിയുന്നത് വരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ലക്ഷദീപത്തിന്‍റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR