Enter your Email Address to subscribe to our newsletters

Pathanamthitta, 14 ജനുവരി (H.S.)
മകരവിളക്ക് മഹോത്സവത്തിൻ്റെ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയതോടെ ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തലക്ഷങ്ങൾ കാത്തിരിക്കുകയാണ്. ദേവസ്വം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ച തിരുവാഭരണ പേടകം മേൽശാന്തി ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
വൈകുന്നേരം 6.30ഓടെയാണ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറിയത്. മകരജ്യോതി ദർശനത്തിന് മുന്നോടിയായി സന്നിധാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർപ്പൂരാഴികൾ തെളിഞ്ഞുതുടങ്ങിയതോടെ മലനിരകൾ പ്രകാശിതമായി. അയ്യപ്പസ്വാമിയെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദൃശ്യമാകുക. ഒരു വർഷം നീണ്ട ഭക്തരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സന്നിധാനവും പൂങ്കാവനവും ഈ പുണ്യനിമിഷത്തിനായി പൂർണമായി ഒരുങ്ങിക്കഴിഞ്ഞു. മകരവിളക്ക് ഉത്സവത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് നടക്കുന്ന ദീപാരാധനയോടുകൂടി വരും ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ സന്നിധാനത്ത് തുടരും.
ഘോഷയാത്ര സന്നിധാനത്തെത്തിയപ്പോൾ മുത്തുക്കുടകളും തീവട്ടികളും കർപ്പൂര ആഴികളും തെളിയിച്ച് വലിയ സ്വീകരണമാണ് നൽകിയത്. ഭക്തിപൂർവ്വം പതിനെട്ടാം പടി ചവിട്ടിക്കയറിയ ഘോഷയാത്ര സംഘം തിരുമുറ്റത്തെത്തി കൊടിമരച്ചുവടിനെയും വലിയ ബലിക്കല്ലിനെയും വലംവെച്ച് വണങ്ങി. തുടർന്ന് തിരുവാഭരണ പേടകങ്ങൾ ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചു.
ശ്രീധർമ്മശാസ്താവിൻ്റെ ശ്രീമൂലസ്ഥാനമായ പൊന്നമ്പലമേട്ടിൽ ഉടൻ ദീപാരാധന നടക്കും. പണ്ട് ദേവഗണങ്ങൾ ഇവിടെ ദീപാരാധന നടത്തിയിരുന്നു എന്നാണ് ഐതീഹ്യം. സന്നിധാനത്തെ ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിലും ദീപാരാധന തെളിയും. ഈ രണ്ട് ദീപാരാധനകളും തൊഴുതാണ് വിശ്വാസികൾ മലയിറങ്ങുക.
ഒരു വർഷം മുഴുവൻ നീളുന്ന കാത്തിരിപ്പിനും 41 ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കും ഒടുവിൽ ലഭിക്കുന്ന ഈ ഒരു നിമിഷത്തെ ദർശനമാണ് ഓരോ ഭക്തന്റെയും ജീവിതത്തിലെ പുണ്യം. നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്ത്, ഒഴിഞ്ഞ നാളികേരം ആഴിയിൽ എരിച്ച്, തന്നിലെ അഹംബോധത്തെ ഇല്ലാതാക്കി, മോഹമുക്തനായിട്ടാണ് ഓരോ അയ്യപ്പനും മലയിറങ്ങുന്നത്. കഠിനമായ തിരക്കിനിടയിലും ലഭിക്കുന്ന ക്ഷണനേരത്തെ ദർശനം നൽകുന്ന ആത്മീയമായ കരുത്താണ് അടുത്ത ഒരു വർഷത്തേക്ക് ജീവിക്കാൻ ഭക്തർക്ക് പ്രചോദനമാകുന്നത്.
മകരവിളക്ക് ദർശിക്കുന്നതിനായി പമ്പയിൽ മാത്രം 14 കേന്ദ്രങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. പമ്പയ്ക്ക് പുറമെ നിലക്കൽ, അട്ടത്തോട്, ഹിൽടോപ്പ് തുടങ്ങി മകരജ്യോതി ദർശിക്കാൻ സാധിക്കുന്ന എല്ലാ ഇടങ്ങളിലും രാവിലെ മുതൽ തന്നെ ഭക്തർ സ്ഥാനം പിടിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇന്ന് 35,000 ഭക്തർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകിയിരുന്നത്. രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് മലകയറുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR