തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 2060 രൂപ മുകളില്‍ വരും
Thiruvananthapuram, 14 ജനുവരി (H.S.) വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും ലഭിക്കുമെന്ന റെയില്‍വെ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആവേശത്തിലാണ് മലയാളികള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്ലീപ്പർ സർവ്വീസ് ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്
Vande Bharat train


Thiruvananthapuram, 14 ജനുവരി (H.S.)

വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും ലഭിക്കുമെന്ന റെയില്‍വെ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആവേശത്തിലാണ് മലയാളികള്‍.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്ലീപ്പർ സർവ്വീസ് ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ മൂന്ന് റൂട്ടുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-മംഗലാപുരം.ഈ മൂന്ന് റൂട്ടുകളിലുമായി ഏറ്റവും കുറവ് ട്രെയിനുകള്‍ ഉള്ളത് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ്.

അതിനാല്‍ ആ റൂട്ടിലായിരിക്കും സ്ലീപ്പറിന് കൂടുതല്‍ സാധ്യത എന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ കേരളത്തില്‍ നിന്നും ബെംഗളൂരിലേക്ക് ഒരു വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നാണ് ട്രെയിൻ.തുടങ്ങിയത് മുതല്‍ വലിയ ഡിമാൻറാണ് ഈ സർവ്വീസിനുള്ളത്. പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്.ഇക്കഴിഞ്ഞ ക്രിസ്തുമസ് അവധിക്ക് 126 ശതമാനത്തിന് മുകളിലായിരുന്നു ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്.

അതുകൊണ്ട് തന്നെ ഈ റൂട്ടില്‍ ഒരു വന്ദേഭാരത് സർവ്വീസ് കൂടി അനുവദിക്കണമെന്ന ആവശ്യം യാത്രക്കാർ ശക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ സ്ലീപ്പർ പതിപ്പ് ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്നത്.വന്ദേഭാരത് സ്ലീപ്പർ കീശ കാലിയാക്കുംനിലവില്‍ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രധാന ട്രെയിനുകളിലൊന്നായ യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്സിലെ (12257) തേഡ് എസിയുടെ അടിസ്ഥാന നിരക്ക് 753 രൂപയാണ്.

ഇതിനൊപ്പം ജി എസ് ടി അടക്കമുള്ള മറ്റ് ചാർജുകള്‍ കൂടി വപമ്പോള്‍ 880 രൂപയ്ക്ക് മുകളില്‍ വരും. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്സിലെ (16526)തേഡ് എസി അടിസ്ഥാന നിരക്ക് 1,117 രൂപയാണ്. മറ്റ് ചാർജുകള്‍ അടക്കം ഏകദേശം 1,215 രൂപയുമാണ് നിരക്ക്.അതേസമയം വന്ദേഭാരത് സ്ലീപ്പറിലെ നിരക്ക് യാത്രക്കാരുടെ കീശ കാലിയാക്കും. കാരണം വന്ദേഭാരത് സ്ലീപ്പറില്‍ യാത്രാ നിരക്കുകള്‍ കിലോമീറ്റർ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കുറഞ്ഞ ദൂരങ്ങളിലെ യാത്രകള്‍ക്കും 400 കിലോമീറ്ററിനുള്ള നിരക്ക് ഈടാക്കും. 5% ജിഎസ്ടി അല്ലെങ്കില്‍ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകള്‍ തുടങ്ങിയ അധിക നിരക്കുകള്‍ ഈ ബേസ് നിരക്കുകളില്‍ ഉള്‍പ്പെടുന്നില്ല.

അടിസ്ഥാന നിരക്കുകള്‍: 3AC-ക്ക് കിലോമീറ്ററിന് 2.4, 2AC-ക്ക് കിലോമീറ്ററിന് 3.1, 1AC-ക്ക് കിലോമീറ്ററിന് 3.8 എന്നിങ്ങനെയാണ്. അതനുസരിച്ച്‌, 400 കിലോമീറ്റർ വരെയുള്ള ദൂരങ്ങളില്‍ 3AC-ക്ക് 960, 2AC-ക്ക് 1,240, 1AC-ക്ക് 1,520 എന്നിങ്ങനെയാണ് കുറഞ്ഞ യാത്രാ നിരക്ക്.

ദൂരം കൂടുന്നതിനനുസരിച്ച്‌ നിരക്കുകള്‍ ആനുപാതികമായി വർധിക്കും. 958 കിലോമീറ്ററോളം വരുന്ന ഹൗറ-ഗുവാഹത്തി/കാമാഖ്യ പോലുള്ള റൂട്ടുകളില്‍, അടിസ്ഥാന നിരക്കുകള്‍ 3AC-ക്ക് 2,299-2,400, 2AC-ക്ക് 2,970-3,100, 1AC-ക്ക് 3,640-3,800 എന്നിങ്ങനെയാണ്. ജിഎസ്ടി ഈ നിരക്കുകള്‍ക്ക് പുറമെയാണ്.

2,000 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് 3AC-ക്ക് ഏകദേശം 4,800, 2AC-ക്ക് 6,200, 1AC-ക്ക് 7,600 എന്നിങ്ങനെ നിരക്കുകള്‍ വരും. പരമാവധി 3,500 കിലോമീറ്റർ ദൂര പരിധിയില്‍, 3AC-ക്ക് 8,400, 2AC-ക്ക് 10,850, 1AC-ക്ക് 13,300 എന്നിങ്ങനെയാണ് യാത്രാ നിരക്ക്.

ബെംഗളൂരിവിലേക്കോ?തിരുവനന്തപുരം-ബെംഗളൂരു റൂട്ട് ഏകദേശം 830 കിമി വരും. അതായത് അടിസ്ഥാന നിരക്ക് മാത്രം2,060 രൂപ വന്നേക്കും. ഇതിൻറെ കൂടെ റിസർവേഷൻ നിരക്ക്, സൂപ്പർ ഫാസ്റ്റ് നിരക്ക്, ജിഎസ്ടി, കേറ്ററിങ് ചാർജ് എന്നിവയെല്ലാം ചേർത്ത് നല്‍കിയാല്‍ 2750 രൂപയോളം വന്നേക്കും. സെക്കൻ്റ് എസി, ഫസ്റ്റ് എസി കോച്ചുകളിലാണെങ്കില്‍ പിന്നേയും കൊടുക്കേണ്ടി വരും ആയിരങ്ങള്‍. എന്നാല്‍ വന്ദേങാരത് സ്ലീപ്പറിലാണെങ്കില്‍ തങ്ങള്‍ എത്ര തുക വേണമെങ്കിലും കൊടുക്കാൻ തയ്യാറാണെന്നാണ് മലയാളികളുടെ പക്ഷം.

ഉയർന്ന തുക നല്‍കി സ്വകാര്യ ബസുകളെ ആശ്രയിച്ച്‌ ദുരിതയാത്ര നടത്തുന്നതിനേക്കാള്‍ എത്രയോ സൌകര്യപ്രദവും സുരക്ഷിതവുമാണ് വന്ദേഭാരത് യാത്ര എന്നാണ് ഇവർക്ക് പറയാനുള്ളത്. എന്തായാലും റെയില്‍വെയുടെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാർ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News