വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും
Kozhikode, 14 ജനുവരി (H.S.) കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66 ലെ പ്രധാന റീച്ചായ വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. നാളെ രാവിലെ എട്ട് മണി മുതലാണ് ടോള്‍ ഈടാക്കി തുടങ്ങുക. ഈ മാസം ഏഴിനാണ് ഗതാഗത മന്ത്രാല
Vengalam-Ramanattukara


Kozhikode, 14 ജനുവരി (H.S.)

കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66 ലെ പ്രധാന റീച്ചായ വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും.

നാളെ രാവിലെ എട്ട് മണി മുതലാണ് ടോള്‍ ഈടാക്കി തുടങ്ങുക. ഈ മാസം ഏഴിനാണ് ഗതാഗത മന്ത്രാലയം ടോള്‍ നിരക്ക് വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇതോടെയാണ് ഒളവണ്ണ ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നടപടി പൂര്‍ത്തിയായത്.

കഴിഞ്ഞ ദിവസങ്ങളില്‍ ടോള്‍ പ്ലാസയില്‍ നടന്ന ട്രയല്‍ റണ്ണും വിജയകരമായി പൂര്‍ത്തിയാക്കി. ടോള്‍ പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്ന് ദേശിയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ പറഞ്ഞു.

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന, സ്വകാര്യ കാറുടമകള്‍ക്കുള്ള 340 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും.ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് വേണ്ടിയാണു പ്രതിമാസ പാസ് അനുവദിക്കുന്നത്. ഇത് തെളിയിക്കുന്നതിനാണ് ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടത്.

മറ്റൊരു രേഖയും സ്ഥിരതാമസത്തിനു തെളിവായി സ്വീകരിക്കില്ല എന്നും ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. വാഹനം കോഴിക്കോട് ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതായിരിക്കണമെന്നു നിര്‍ബന്ധമില്ല.പാസ് വിതരണം ഇന്നലെ തുടങ്ങി.

ചൊവ്വാഴ്ച മാത്രം സമീപവാസികളായ 25 പേര്‍ക്ക് പാസുകള്‍ നല്‍കി. പാസ് ലഭിക്കാനായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ടോള്‍ പ്ലാസയില്‍ എത്തണം. ഈ പാസ് ഉള്ളവര്‍ക്ക് ഒരു മാസത്തില്‍ എത്ര തവണ വേണമെങ്കിലും ടോള്‍ പ്ലാസ കടന്ന് പോകാവുന്നതാണ്.

നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ ഒഴികെ, കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത, ഫാസ്റ്റാഗ് ഉള്ള വാണിജ്യ വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 50% ഇളവു നല്‍കും.3000 രൂപയുടെ ഫാസ്ടാഗ് എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷം 200 യാത്രകള്‍ നടത്താം. 24 മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയില്‍ ടോള്‍നിരക്കില്‍ 25 ശതമാനം കിഴിവും ഉണ്ടായിരിക്കും. പ്രതിമാസ പാസുള്ളവര്‍ക്ക് 3000 രൂപയുടെ വാര്‍ഷിക പാസ് വാങ്ങുന്നതിന് തടസ്സമില്ല എന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഈ പാസ് ഉള്ളവര്‍ നിശ്ചിത ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ പ്രതിമാസ പാസില്‍ നിന്നും പണം ഈടാക്കും.

ഒരു മാസം 50 തുടര്‍ച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോള്‍നിരക്കില്‍ 33 ശതമാനം ഇളവുണ്ടായിരിക്കും. ടോള്‍ പിരിവില്‍ ഫാസ്റ്റാഗിനാണ് മുന്‍ഗണന. യുപിഐ വഴി പണമടയ്ക്കുന്നവര്‍ 0.25% അധിക തുകയും പണമായി അടയ്ക്കുന്നവര്‍ ഇരട്ടി നിരക്കും നല്‍കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News