വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്; കൈമാറിയത് കീഴ്വഴക്കം അനുസരിച്ചെന്ന് അജയ് തറയിൽ
Kerala, 14 ജനുവരി (H.S.) കൊച്ചി: ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ''വാജി വാഹനം'' തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അനുസരിച്ചാണ് അത് കൈമാറിയതെന്നും മുൻ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷ
കൈമാറിയത് കീഴ്വഴക്കം അനുസരിച്ചെന്ന് അജയ് തറയിൽ


Kerala, 14 ജനുവരി (H.S.)

കൊച്ചി: ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന 'വാജി വാഹനം' തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അനുസരിച്ചാണ് അത് കൈമാറിയതെന്നും മുൻ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്ക് കൂടി നീങ്ങുന്ന പശ്ചാത്തലത്തിലാണ് അന്നത്തെ ബോർഡ് അംഗമായിരുന്ന അജയ് തറയിലിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം.

വാജി വാഹനം തന്ത്രിക്ക് നൽകിയതിൽ അസ്വാഭാവികതയില്ലെന്നും തന്ത്രിക്ക് അതിന് അവകാശമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കൈമാറ്റത്തിന് രേഖകൾ ഉണ്ടാക്കിയിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. അഡ്വക്കറ്റ് കമ്മീഷൻ എ.എസ്.പി കുറുപ്പിന്റെ നിർദ്ദേശവും ഇതിനുണ്ടായിരുന്നു. പഴയ കൊടിമരത്തിലെ സ്വർണം പൂശിയ പറകൾ, അഷ്ടദിക് പാലകർ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇതിന്റെ മഹസർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ദേവസ്വം ഭരണസമിതിയാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പുതിയ കൊടിമര നിർമ്മാണത്തിന് ആന്ധ്രയിലെ ഫിനിക്സ് ഗ്രൂപ്പാണ് സ്വർണം സ്പോൺസർ ചെയ്തത്. ദേവസ്വം മാനുവൽ കൃത്യമായി പാലിച്ചാണ് നിർമ്മാണം നടന്നതെന്നും മറ്റാരുടെയും സ്വർണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു. നിർമ്മാണ വേളയിൽ താനും സുരേഷ് ഗോപിയുമടക്കം പലരും ആചാരപരമായ സ്വർണ സമർപ്പണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം (SIT) നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാതിൽപാളി കടത്തിയ കേസിൽ നിലവിൽ അറസ്റ്റിലുള്ള തന്ത്രിയുടെ പക്കൽ വാജി വാഹനം എത്തിയത് എങ്ങനെയെന്നും അത് കൈവശം വെക്കാൻ അനുമതിയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുവാഭരണ പട്ടികയിലുള്ള വസ്തുവായതിനാൽ ഇത് തന്ത്രിക്ക് നൽകാൻ നിയമപരമായി കഴിയുമോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്.

സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, സ്പോൺസർമാരുടെ വിവരങ്ങൾ, സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയ അഷ്ടദിക് പാലകരുടെ നിലവിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണസംഘം വ്യക്തത തേടുന്നുണ്ട്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അജയ് തറയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം ഭരണസമിതി അംഗങ്ങളെയും അന്വേഷണ സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

---------------

Hindusthan Samachar / Roshith K


Latest News