Enter your Email Address to subscribe to our newsletters

Kochi, 14 ജനുവരി (H.S.)
കൊച്ചി: പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമചാരി സ്ഥാനത്തുനിന്ന് രാജിവെച്ചു. കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് പദവിയിൽ നിന്നും ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗത്വത്തിൽ നിന്നുമാണ് അദ്ദേഹം ഒഴിഞ്ഞത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്ന് ഫൗണ്ടേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് പുരോഗമിക്കുന്നതിനിടെയുള്ള അദ്ദേഹത്തിന്റെ രാജി കലാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വേണു വാസുദേവൻ ബോസ് കൃഷ്ണമചാരിയുടെ രാജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബിനാലെയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും, കൊച്ചിയെ ആഗോള കലാവൂപര പടത്തിൽ അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചുവെന്നും ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. ബോസ് കൃഷ്ണമചാരിക്ക് പകരക്കാരനായി കലാ ലോകത്തെ പ്രഗത്ഭനായ ഒരാളെ കണ്ടെത്താനുള്ള നടപടികൾ ഫൗണ്ടേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ബിനാലെയുടെ മുഖം
2010-ൽ റിയാസ് കോമുവിനൊപ്പം ചേർന്നാണ് ബോസ് കൃഷ്ണമചാരി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപിച്ചത്. 2012-ൽ നടന്ന ആദ്യ ബിനാലെയുടെ സഹ-ക്യൂറേറ്ററായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇത്തരമൊരു രാജ്യാന്തര കലാമേള എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാമേളയായി കൊച്ചി ബിനാലെയെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധേയമായിരുന്നു. കഴിഞ ദിവസം ഡൽഹി കോളേജ് ഓഫ് ആർട്സ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു.
പ്രതിസന്ധികളും മാറ്റങ്ങളും
സമീപകാലത്ത് ബിനാലെ ഫൗണ്ടേഷനിൽ വലിയ ഭരണപരമായ മാറ്റങ്ങൾ നടന്നിരുന്നു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചെയർപേഴ്‌സണായും തോമസ് വർഗീസ് സി.ഇ.ഒ ആയും ചുമതലയേറ്റത് ഇതിന്റെ ഭാഗമായിരുന്നു. 2018-ൽ മീ ടൂ ആരോപണങ്ങളെത്തുടർന്ന് മറ്റൊരു സ്ഥാപകനായ റിയാസ് കോമു ഫൗണ്ടേഷനിൽ നിന്ന് ഒഴിഞ്ഞിരുന്നു. തുടർന്ന് ബോസ് കൃഷ്ണമചാരിയായിരുന്നു ബിനാലെയുടെ അമരക്കാരനായി പ്രവർത്തിച്ചിരുന്നത്.
നിലവിൽ 'ഫോർ ദി ടൈം ബീയിംഗ്' (For the Time Being) എന്ന പ്രമേയത്തിൽ ആറാം പതിപ്പ് ഫോർട്ട് കൊച്ചിയിൽ നടന്നുവരികയാണ്. നിഖിൽ ചോപ്രയും സംഘവുമാണ് ഇത്തവണത്തെ ക്യൂറേറ്റർമാർ. 2025 ഡിസംബർ 12-ന് ആരംഭിച്ച ഈ കലാമാമാങ്കം 2026 മാർച്ച് 31 വരെ തുടരും. ബിനാലെ പകുതി പിന്നിടുമ്പോഴുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും ബിനാലെയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുമെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. കലാകാരന്മാരുമായും ഗവൺമെന്റുമായും അന്താരാഷ്ട്ര ഏജൻസികളുമായും മികച്ച ബന്ധം പുലർത്തിയിരുന്ന ബോസ് കൃഷ്ണമചാരിയുടെ രാജി വരും ദിവസങ്ങളിൽ കലാ രാഷ്ട്രീയ മേഖലകളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.
---------------
Hindusthan Samachar / Roshith K