Enter your Email Address to subscribe to our newsletters

Pathanamthitta , 14 ജനുവരി (H.S.)
പത്തനംതിട്ട: മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. അതേസമയം ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് ഇവരുടെ പേരിൽ മറ്റൊരു കേസുമുണ്ട്.
അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചു. അതേ വിഷയത്തിൽ വീണ്ടും കേസുകൾ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം. ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാളെ ജയിലിൽ അടക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് രഞ്ജിത പ്രതികരിച്ചു. കോടതി ജാമ്യം നൽകിയിട്ടും പൊലീസ് പഴുതുകൾ തേടുന്നത് എന്തിനാണെന്നാണ് രഞ്ജിതയുടെ ചോദ്യം. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അവർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
മുഴുവൻ രൂപം
അതിജീവിതയെ അധിക്ഷേപിച്ചെന്ന പേരിൽ ഒരു കേസ് ചാർജ് ചെയ്യുകയും അതിൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേ വിഷയത്തിൽ വീണ്ടും വീണ്ടും കേസുകൾ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
അയ്യപ്പന്റെ സ്വർണ്ണം കട്ടവർ പിടിക്കപ്പെടും എന്നായപ്പോ പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടായ ഭയമാണ് എനിക്ക് എതിരെയുള്ള ഈ വേട്ടയാടലിന് പിന്നിലെന്ന് വ്യക്തമാണ്.
ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒരാളെ ജയിലിൽ അടക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കോടതി ജാമ്യം നൽകിയിട്ടും പോലീസ് പഴുതുകൾ തേടുന്നത് എന്തിനാണ്?
സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ നിൽക്കുന്നവരെയും വേട്ടയാടാൻ പോലീസിനെ ആയുധമാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്.
ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് സംസാരിക്കുമ്പോൾ ഭരണകൂടം എന്തിനാണ് ഇത്രയേറെ അസ്വസ്ഥമാകുന്നത്?
സത്യം പറയുന്നവരുടെ വായടപ്പിക്കാൻ തടവറയൊരുക്കുന്നത് ഒരു
പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലടോ. പിണറായി വിജയാ....
അധികാരത്തിന്റെ ഹുങ്കിൽ പോലീസിനെ വിട്ട് ആരെയും നിശബ്ദനാക്കാം എന്ന് കരുതുന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. നിയമത്തിന് മുന്നിൽ സത്യം ജയിക്കുക തന്നെ ചെയ്യും.
വെറും രണ്ടേ രണ്ട് മാസം കൂടി കഴിഞ്ഞോട്ടെടാ വിജയാ... ഈ പദവിയും അധികാരവും ഒഴിഞ്ഞു വെറും സാധാരണക്കാരനായി നീയിറങ്ങുന്ന ഒരു ദിവസമുണ്ട്. അന്ന് മനസ്സിലാകും നിനക്ക്, ഈ ജനതയുടെ ശക്തിയും സത്യം വിളിച്ചു പറഞ്ഞവരുടെ കരുത്തും. അധികാരം ഇല്ലാത്ത നിന്നെ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു!
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് കേസ് എടുത്തത്. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു
---------------
Hindusthan Samachar / Roshith K