Enter your Email Address to subscribe to our newsletters

Trivandrum , 14 ജനുവരി (H.S.)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നടി റിനി ആൻ ജോർജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി ഉപയോഗിച്ചും രാഹുലിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചും പോസ്റ്റ് ഇട്ടതിനെതിരെയാണ് നിയമനടപടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് 'ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം' എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റിനി ആൻ ജോർജിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യത വരുത്താൻ വേണ്ടി ജീവിച്ചിരിപ്പില്ലാത്ത ഒരു ഉന്നത നേതാവിന്റെ പേര് ദുരുപയോഗം ചെയ്തു എന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് വിശ്വാസ്യയോഗ്യമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോസ്റ്റ് ഉടൻ നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
വിവാദ പോസ്റ്റിലെ പ്രധാന ആരോപണങ്ങൾ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച പേര് മറ്റൊരാളുടേതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെട്ടതാണെന്നും റിനി കുറിപ്പിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മകനെ പോലും ഒഴിവാക്കാൻ രാഹുൽ ശ്രമിച്ചുവെന്നും നടി കുറ്റപ്പെടുത്തി. സ്വയം ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നാടകം കളിക്കുകയാണെന്നും കുറിപ്പിലുണ്ട്.
കൂടാതെ, അതീവ ഗൗരവകരമായ ലൈംഗിക പീഡന ആരോപണങ്ങളും റിനി ആൻ ജോർജ് കുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ചില യുവതികൾ നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയായിട്ടുണ്ടെന്നും റിനി അവകാശപ്പെട്ടു. നിഷ്ഠൂരമായ ലൈംഗിക പീഡനം നേരിട്ട പെൺകുട്ടികളുടെ മൊഴികൾ പുറത്തു വന്നിട്ടുണ്ടെന്നും ഇത്തരം ഒരാളുമായി ഉമ്മൻ ചാണ്ടിയെ താരതമ്യം ചെയ്യുന്നത് നീതിയല്ലെന്നും അവർ പറഞ്ഞു.
ലക്ഷ്യം കോൺഗ്രസിനെ തോൽപ്പിക്കലല്ലെന്ന് നടി -
താൻ കോൺഗ്രസിനെ നശിപ്പിക്കാൻ ഇറങ്ങിയതല്ലെന്നും പാർട്ടിക്കുള്ളിലെ ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നുമാണ് റിനി ആൻ ജോർജിന്റെ വിശദീകരണം. ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാകുന്നതിൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനാണ് നടി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പോലീസിൽ പരാതി ലഭിച്ച സാഹചര്യത്തിൽ നടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും അതിലെ ആരോപണങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചേക്കും. രാഹുലിന്റെ അറസ്റ്റ് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന സമയത്താണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K