Enter your Email Address to subscribe to our newsletters

Kochi, 14 ജനുവരി (H.S.)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. കോടതിയിൽ വെച്ച് തന്നെ പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ചാണ് അഭിഭാഷക ഹർജി നൽകിയത്. വിചാരണക്കോടതി ജഡ്ജി അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അധിക്ഷേപിക്കുന്നത് പതിവ് രീതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മറ്റ് ചില കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ ഭാഗത്തുനിന്ന് വിവാദപരമായ പരാമർശങ്ങൾ ഉണ്ടായത്. അന്ന് കോടതിയിൽ ഹാജരാകാതിരുന്ന ടി.ബി. മിനിയെ ലക്ഷ്യം വെച്ചായിരുന്നു കോടതിയുടെ വിമർശനം. വിചാരണാ വേളയിൽ അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെ മാത്രമാണെന്നും അരമണിക്കൂർ മാത്രമാണ് അവർ കോടതിയിൽ ചെലവഴിക്കാറുള്ളതെന്നും ജഡ്ജി പറഞ്ഞിരുന്നു.
കൂടാതെ, കോടതിയിൽ ഹാജരാകുമ്പോൾ ഉറങ്ങുന്നതാണ് അഭിഭാഷകയുടെ പതിവെന്നും വിശ്രമസ്ഥലം എന്ന നിലയിലാണ് അവർ കോടതിയെ കാണുന്നതെന്നും ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ച ശേഷമാണ് ഇവർ പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും ജഡ്ജി തുറന്നടിച്ചിരുന്നു. കോടതിയുടെ ഈ പരാമർശങ്ങൾ അഭിഭാഷക എന്ന നിലയിലുള്ള തന്റെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും നീതിന്യായ വ്യവസ്ഥയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നുമാണ് ടി.ബി. മിനിയുടെ വാദം.
ടി.ബി. മിനി ഹാജരാകാതിരുന്ന ദിവസം അവർ എവിടെയെന്ന് അന്വേഷിച്ചുകൊണ്ടാണ് കോടതി ഇത്തരം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. അതിജീവിതയുടെ നീതിക്കായി പോരാടുന്ന അഭിഭാഷകരെ തുടർച്ചയായി മോശമായി ചിത്രീകരിക്കാൻ കോടതി ശ്രമിക്കുന്നുവെന്ന പരാതി അതിജീവിതയുടെ ക്യാമ്പിൽ നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് ജഡ്ജിക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ അഭിഭാഷക തീരുമാനിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതൽ വിചാരണക്കോടതിയും അതിജീവിതയും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ ജഡ്ജിക്കെതിരെ നേരിട്ട് കോടതിയലക്ഷ്യ ഹർജി എത്തിയതോടെ കേസിന്റെ തുടർനടപടികൾ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ ഈ നിയമപോരാട്ടം ഏറെ ഗൗരവത്തോടെയാണ് നിയമലോകം വീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K