Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ജനുവരി (H.S.)
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കെഎം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന് ഭൂമി അനുവദിച്ച് പിണറായി സര്‍ക്കാര്‍. തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമിയാണ് കെഎം മാണി ഫൗണ്ടേഷന് അനുവദിച്ചിരിക്കുന്നത്. 2020- 21 ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് കെഎംമാണിക്കു സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനായി അഞ്ചു കോടി രൂപയും വകമാറ്റിയിരുന്നു.
എന്നാല്‍ പ്രഖ്യാപനം ആറു വര്‍ഷത്തോളം കടലാസില്‍ പൊടിപിടിച്ച് കിടന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കാത്തതില്‍ കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. അത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് നേരെ വിമര്‍ശനമായി ഉയരുകയും ചെയ്തിരുന്നു. കെഎം മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാനായി പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് അക്കാലത്ത് നല്‍കിയ വിശദീകരണം. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു എന്ന് ജോസ് കെ മാണി 2020 ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സ്മാരകത്തിന് ഭൂമി അനുവദിച്ചിരിക്കുന്നത്. പാലായില്‍ സ്മാരകം എന്നായിരുന്നു പ്രഖ്യാപനം എങ്കിലും ഭൂമി അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. ഈ ഭൂമിയില്‍ കെഎം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന് യാഥാര്‍ത്ഥ്യമാകും എന്നതില്‍ കെഎം മാണി ഫൗണ്ടേഷനാണ് വ്യക്തമാക്കേണ്ടത്.
ജോസിനേയും കൂട്ടരേയും യുഡിഎഫില്‍ എത്തിക്കാന്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മാണി സ്മാരകത്തിന് ഭൂമി നല്‍കിയിരിക്കുന്നത്. ഇത് ജോസിനെ ഒപ്പം നിര്‍ത്താനുള്ള എല്‍ഡിഎഫ് നീക്കമാണോ അതോ മുന്നണി വിടാതിരിക്കാനുള്ള ജോസിന്റെ ആവശ്യം അംഗീകരിച്ചതാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെഎം മാണി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന റിക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.
മാണിക്ക് മാത്രമല്ല സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്മാരകത്തിനും ഭൂമി അനുവദിച്ചിട്ടുണ്ട്. തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 1.139 ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കുക. കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.
---------------
Hindusthan Samachar / Sreejith S