Enter your Email Address to subscribe to our newsletters

Kollam, 14 ജനുവരി (H.S.)
ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ തിരിമറി നടത്തിയ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം നിഷേധിക്കുന്നത്.
ശബരിമല ശ്രീകോവില്‍ വാതിലുകളിലും ദ്വാരപാലക ശില്‍പങ്ങളിലും പതിപ്പിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ അറ്റകുറ്റ പണിക്കായി കൊണ്ടുപോയതില്‍ വന്‍ അഴിമതി നടന്നതായാണ് കണ്ടെത്തല്‍. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. കൂടാതെ, തന്ത്രി കണ്ഠര് രാജീവര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഒന്നാം പ്രതി പുറത്തിറങ്ങുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസില്‍ തന്ത്രി കണ്ഠര് രാജീവരെയെയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക്. 2017-ല്‍ ശബരിമലയില്‍ പുതിയ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനി എസ്‌ഐടി സംഘത്തിന്റെ അന്വേഷണ പരിധിയില്‍ വരും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ സുപ്രധാന നീക്കം. 2017 ജൂണ്‍ മാസത്തില്‍ നടന്ന കൊടിമരം മാറ്റിസ്ഥാപിക്കല്‍ നടപടികളും എസ്‌ഐടി പരിശോധിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ അളവിലും നിര്‍മ്മാണ രീതിയിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ശബരിമല തന്ത്രി കണ്ഠര് രാജീവരേയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് കൊടിമരത്തില്‍ അറ്റകുറ്റപണികള്‍ നടന്നതിനെ കുറിച്ചുള്ള നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചത്.
പഴയ കൊടിമരത്തിന്റെ മുകളിലുണ്ടായിരുന്ന അമൂല്യമായ വാജിവാഹനം (കുതിരയുടെ രൂപം) തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് എസ്.ഐ.ടി കണ്ടെടുത്തിട്ടുണ്ട്. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇത് പിടിച്ചെടുത്തത്. 11 കിലോ തൂക്കം വരുന്ന ഈ ശില്‍പ്പം പഞ്ചലോഹത്തില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൊതിഞ്ഞതാണ്. രാജഭരണകാലത്ത് ശബരിമല ക്ഷേത്രത്തിന് സമ്മാനമായി ലഭിച്ച അതീവ പുരാതനമായ ഒന്നാണിത്. ദേവസ്വം രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഈ പൊതുസ്വത്താണ് തന്ത്രി സ്വന്തം വീട്ടിലേക്ക് കടത്തിയത്.
വാജിവാഹനം കണ്ടെത്തിയെങ്കിലും പഴയ കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക്പാലകന്മാരുടെ ശില്‍പ്പങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. എട്ട് ദിശകളുടെ അധിപന്മാരായ ദേവന്മാരുടെ ഈ ശില്‍പ്പങ്ങളും വര്‍ഷങ്ങളുടെ പഴക്കമുള്ളവയും സ്വര്‍ണ്ണം പൂശിയവയുമായിരുന്നു. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇവ സ്‌ട്രോങ്ങ് റൂമിലോ മറ്റേതെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളിലോ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.തന്ത്രിയുടെ പക്കല്‍ വാജിവാഹനം ഉണ്ടായിരുന്ന സാഹചര്യത്തില്‍, അഷ്ടദിക്ക്പാലകരെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
---------------
Hindusthan Samachar / Sreejith S