ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍
Thiruvanathapuram, 14 ജനുവരി (H.S.) ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ്‌ഐടിയെ ഹൈക്കോടതി രൂ
shankar


Thiruvanathapuram, 14 ജനുവരി (H.S.)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ്‌ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജഡ്ജി എ. ബദറുദ്ദീനായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. ദേവസ്വം ബോര്‍ഡ് അംഗം ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊല്ലം വിജിലന്‍സ് കോടതിയില്‍ ചിത്രം സഹിതം വിശദീകരണം നല്‍കിയ ദിവസം തന്നെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശങ്കരദാസ് അബോധാവസ്ഥയില്‍ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ശങ്കര ദാസിന്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അന്വേഷണ സംഘത്തെയും (SIT) രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും നിരീക്ഷിച്ച കോടതി മൂന്ന് ജാമ്യാപേക്ഷകളും വിധി പറയാനായി മാറ്റി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയെയും ദേവസ്വം ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അയാളുടെ മകന്‍ എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്‌റുദ്ദീന്‍ തുറന്നടിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി എസ്‌ഐടിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് ഹൈക്കോടതി ചോദിച്ചു. എ. പത്മകുമാര്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പം എന്നിവ ഉള്‍പ്പെടെ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്.

ശബരിമലയിലെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. താന്‍ 1.40 കോടി രൂപയോളം പല ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ദ്ധന്‍ കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍, എസ്ഐടി എതിര്‍പ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നും എസ്ഐടി കോടതിയില്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News