ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ്
Kasaragod, 15 ജനുവരി (H.S.) എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും എവിടെ നിന്നാണ് ആ വിവരം
Adoor Prakash


Kasaragod, 15 ജനുവരി (H.S.)

എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

വരാൻ താൽപര്യമുള്ളവർ വരും, ആരെയും നിർബന്ധിക്കില്ല. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. വീട്‌ കയറി വിശദീകരിക്കുന്നത് അവരുടെ രാഷ്ട്രീയമാണ്. ശബരിമല സ്വർണക്കടത്തിൽ വിശ്വാസികൾക്ക്‌ സത്യം അറിയാമെന്നും എംപിമാർ മത്സരിക്കുന്നത് എഐസിസി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണി എൽഡിഎഫ് വിട്ട് പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇടത് നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിൽ നിന്നുള്ള മന്ത്രിയായ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്. ജോസ് കെ മാണി യുഡിഎഫിലേക്ക് പോയാലും ഇടതിൽ ഉറച്ച് നിൽക്കാനാണ് റോഷിയുടെ തീരുമാനം. അടുത്ത ദിവസം ചേരുന്ന സ്റ്റിയറിങ്‌ കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്നലെ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടേയുള്ളു അത് ഇടതുപക്ഷത്തിനൊപ്പമാണ് എന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണം ഉണ്ടാകുമെന്നത് വളരെ വ്യക്തമാണ്. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടേയുള്ളു അത് ഇടതുപക്ഷത്തിനൊപ്പമാണ് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ എല്ലാ ദിവസവും രാവിലെ വന്ന് ഞാന്‍ ഇവിടെയാണ് ഇവിടെയാണ് എന്ന് പറയാന്‍ പറ്റുമോ എന്നും ജോസ് കെ മാണി ചോദിച്ചു.

മുന്നണി യോഗങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതെന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാ മുന്നണി യോഗത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ജോസ് ചോദിച്ചു. പാര്‍ലമെൻ്റ് ഉള്ളപ്പോള്‍ താന്‍ പങ്കെടുത്തിട്ടില്ലല്ലോ. അവിടെ സ്റ്റീഫന്‍ ജോര്‍ജ് ഉണ്ടായിരുന്നല്ലോ, അവിടെ ഞങ്ങളുടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നല്ലോ, അതുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടല്ലോ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ആദ്യത്തെ എല്‍ഡിഎഫ് യോഗത്തിലും നിലപാടുകള്‍ ചര്‍ച്ച ചെയ്യുകയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും ജോസ് കെ മാണി വിശദീകരിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News