Enter your Email Address to subscribe to our newsletters

West Bengal, 15 ജനുവരി (H.S.)
പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലെ റെയ്‌ഡ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച് ഹർജിയിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. ഇഡിയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൊൽക്കത്ത പൊലീസ് സമർപ്പിച്ച എഫ്‌ഐആർ താൽക്കാലികമായി റദ്ദാക്കാനും സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും കോടതി ഉത്തരവായി. റെയ്‌ഡ് തടസപ്പെടുത്തിയത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പ്രശാന്ത്കുമാർ മിശ്ര, വിപുൽ എം പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റെയ്‌ഡ് തടസപ്പെടുത്തിയെന്ന് ആരോപിച്ചും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇഡി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്.
കൊൽക്കത്തയിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്നു എന്നതാണ് ഐ-പാക്കിനെതിരെയുള്ള ആരോപണം. ഇതിലാണ് ഇഡി സ്ഥാപനത്തിൽ റെയ്‌ഡ് നടത്തിയത്. ഈ വിഷയത്തിൽ പശ്ചിമബംഗാൾ സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നിയമവാഴ്‌ച നിലനിൽക്കുന്നതിനും സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ ഏജൻസികൾ കുറ്റവാളികളെ സംരക്ഷിക്കാതിരിക്കണം. ഇത്തരം പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നതായി ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര പറഞ്ഞു.
2026 ജനുവരി എട്ടാം തീയതിയാണ് ഐപാക് ഓഫീസിൽ റെയ്‌ഡ് നടന്നത്. തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സ്ഥലത്തെത്തി പരിശോധന തടയുകയായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തുവെന്നാണ് ടിഎംസിയുടെ ആരോപണം.
തൃണമൂല്‍ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രണ്ട് പ്രത്യേക പരാതികളാണ് ഇഡിയ്ക്ക് എതിരെ നൽകിയിരുന്നത്. ഈ കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതോടെ ഇഡി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഷേക്‌സ്‌പിയര്‍ സരണി പൊലീസ് സ്റ്റേഷനിലും ബിധാനഗറിലെ ഇലക്ട്രോണിക് കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലുമായി ഇഡി, സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌തത്.
മോഷണം, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ കമ്പ്യൂട്ടറിലെ വിവരങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചുമാണ് ഐടി ആക്‌ടിലെ സെക്ഷൻ 66 പ്രകാരം ഇഡിയ്ക്ക് എതിരെ കൊൽക്കത്ത പൊലീസ് കേസ് ചുമത്തിയിരുന്നത്.
അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബംഗാൾ പിടിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നുമാണ് മമത ബാനർജി പ്രതിഷേധത്തിൽ പറഞ്ഞിരുന്നത്. ഐ-പാക്ക് മേധാവി പ്രതീക് ജെയിനിന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിനിടെയാണ് മുഖ്യമന്ത്രി എത്തി പ്രതിഷേധം അറിയിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR