Enter your Email Address to subscribe to our newsletters

Ernakulam, 15 ജനുവരി (H.S.)
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടിസ്. കോർപ്പറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ്‌പി ദീപക് നൽകിയ ഹർജിയിലാണ് നടപടി. ദൈവനാമത്തിന് പകരം വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്തുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ഡിസംബർ 21ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങാണ് വിവാദത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച 34 ബിജെപി കൗൺസിലർമാരിൽ 20 പേരും നിയമം അനുശാസിക്കുന്ന നിശ്ചിത മാതൃകയിലുള്ള സത്യവാചകത്തിൽ മാറ്റം വരുത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗൺസിലർമാർക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കൃത്യമായ മാതൃക നിഷ്കർഷിച്ചിട്ടുണ്ട്. ഈ ഫോമിൽ ദൈവനാമത്തിൽ എന്നോ അല്ലെങ്കിൽ സഗൗരവം എന്നോ ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായി ശബരിമല അയ്യപ്പൻ, ശ്രീ പത്മനാഭസ്വാമി, ശ്രീകൃഷ്ണൻ തുടങ്ങിയ ദൈവങ്ങളുടെ പേരുകളും ചിലർ പാർട്ടി ബലിദാനികളുടെ പേരുകളും കൂട്ടിച്ചേർത്താണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
ചട്ടലംഘനം ഇങ്ങനെ
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 143-ാം വകുപ്പ് പ്രകാരമാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത് ലംഘിച്ച് ഇഷ്ട ദൈവങ്ങളുടെ പേര് പറയുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ സത്യപ്രതിജ്ഞയ്ക്ക് നിയമസാധുത ഇല്ലെന്നുമാണ് ഹർജിക്കാരൻ്റെ വാദം. സത്യപ്രതിജ്ഞാവേളയിൽ തന്നെ സിപിഎം, സിപിഐ കൗൺസിലർമാർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നുവെങ്കിലും വരണാധികാരിയായ കലക്ടർ അത് തടഞ്ഞിരുന്നില്ല. വരണാധികാരിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ചട്ടലംഘനം അസാധുവാക്കണമെന്നും ശരിയായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യാത്ത കൗൺസിലർമാരുടെ സ്ഥാനം റദ്ദാക്കണമെന്നുമാണ് എസ്‌പി ദീപക് ആവശ്യപ്പെട്ടിരിക്കുന്നത്.
മുമ്പ് നിയമസഭയിലും പാർലമെൻ്റിലും സമാനമായ രീതിയിൽ അംഗങ്ങൾ സത്യവാചകത്തിൽ മാറ്റം വരുത്തിയത് വലിയ വിവാദമായിരുന്നു. സത്യപ്രതിജ്ഞാ ലംഘനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയും കേരള ഹൈക്കോടതിയും ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ പീഠങ്ങൾ ഇത്തരം വിഷയങ്ങളിൽ മുൻകാലങ്ങളിൽ നിർണായകമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാവാചകത്തിൽ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് നേരത്തെ തന്നെ കോടതികൾ നിരീക്ഷിച്ചിട്ടുള്ളതാണ്.
അയോഗ്യതയും പിഴയുംസത്യപ്രതിജ്ഞ ശരിയായ രീതിയിലല്ല നടന്നതെങ്കിൽ ആ വ്യക്തിക്ക് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ ഉള്ള അർഹത ഉണ്ടായിരിക്കില്ല. മാത്രമല്ല സാധുവായ സത്യപ്രതിജ്ഞയില്ലാതെ കൗൺസിൽ യോഗത്തിൽ ഇരുന്നാൽ ഓരോ ദിവസത്തെയും സിറ്റിങ്ങിന് പിഴ ഒടുക്കേണ്ടി വരുമെന്ന കർശന വ്യവസ്ഥയും മുനിസിപ്പാലിറ്റി ആക്ടിലുണ്ട്. ഈ കേസിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. സത്യപ്രതിജ്ഞ റദ്ദാക്കിയാൽ 20 കൗൺസിലർമാർക്കും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും. അതല്ല കൗൺസിലർ സ്ഥാനം തന്നെ അയോഗ്യമാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അത് തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്കും വഴിവയ്ക്കും.
ബിജെപി അംഗങ്ങൾ നടത്തിയ സത്യപ്രതിജ്ഞ മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്നതാണോ എന്നതിലുപരി നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചില്ല എന്നതാണ് ഇവിടെ പ്രധാന നിയമപ്രശ്നമായി ഉയർത്തിക്കാട്ടുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് കൗൺസിലർമാർക്ക് നോട്ടിസ് അയക്കാൻ ഉത്തരവിട്ടതോടെ വരും ദിവസങ്ങളിൽ കോടതിയിൽ വിശദമായ വാദം നടക്കും. ദൈവനാമം എന്നത് ഒരു പൊതുവായ സങ്കല്പമാണെന്നും അവിടെ പ്രത്യേക ദൈവങ്ങളുടെ പേര് പരാമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്നുമാണ് പ്രഥമദൃഷ്ട്യാ കോടതി നിരീക്ഷിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഇത്തരമൊരു കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത് അപൂർവമായ സംഭവമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR