Enter your Email Address to subscribe to our newsletters

Pathanamthitta, 15 ജനുവരി (H.S.)
പീഡനപരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് ഫെനി നൈനാൻ. മൂന്നാമത്തെ പീഡന പരാതി നല്‍കിയ സ്ത്രീയെ തനിക്ക് അറിയാമെന്നും എന്നാല്‍ അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നിയെന്നും ഫെനി നൈനാൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
2025 നവംബർ വരെ ഈ അതിജീവിത തന്നോട് സംസാരിച്ചിരുന്ന വ്യക്തി ആണെന്നും തെളിവുകള്‍ വക്കീലിന് കൈമാറിയിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഫെനി നൈനാൻ അവകാശപ്പെടുന്നു.
ബലാത്സംഗം ചെയ്യാൻ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തത് താനാണ് എങ്കില്‍ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നും ഫെനി നൈനാൻ ചോദിക്കുന്നു.
ഫെനി നൈനാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
'' പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാൻഡില്‍ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആർക്കും അറിയാൻ കഴിയില്ലല്ലോ.
എനിക്കും അതിനെ പറ്റി അറിയില്ല. എന്നാല് മാധ്യമങ്ങളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന , വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവർ എനിക്ക് കെഎസ്‌യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവർക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എൻ്റെ പേര് പറഞ്ഞത് കൊണ്ട് ഞാൻ അത് ശ്രദ്ധിച്ചു.
എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്‌യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവർ പണം തന്നദിവസം തന്നെ അവരുടെ പേരുള്‍പ്പെടുത്തി അവർ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്.
എന്നാല് അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി.കാരണം ഈ അതിജീവിത എന്നോട് 2025 നവംബർ വരെ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിൻ്റെ ജൂനിയർ ശേഖർ സാറിനും കൊടുത്തിട്ടുണ്ട്.
അവർ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാൻ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു.
എന്നാല് അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു. . അവർക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാർത്തകള്‍ അല്ല.
അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി.അങ്ങനെ ബലാല്‍സംഗം ചെയ്യാൻ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാൻ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍.
കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാൻ മാധ്യമങ്ങളുടെ മുൻപില്‍ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എൻ്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്. അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല.
അങ്ങനെ ബലാല്‍സംഗം ചെയ്യാൻ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ? ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചർച്ച ചെയ്തോ? ധാർമികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ല. എന്നാല് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.
എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവർ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവർ അത് ചെയ്യൂ.
പിആർ കാപ്പി കുടിക്കുന്നവർ അത് ചെയ്യൂ. പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവർ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം. NB: ഈ പോസ്റ്റില്‍ ഞാൻ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡൻ്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല''.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR