രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ മലബാറിൻ്റെ തനത് കലാരൂപമായ കോൽക്കളിയുടെ ഈരടികൾ മുഴങ്ങും.
Kozhikode, 15 ജനുവരി (H.S.) രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ മലബാറിൻ്റെ തനത് കലാരൂപമായ കോൽക്കളിയുടെ ഈരടികൾ മുഴങ്ങും. ചരിത്രത്തിലാദ്യമായാണ് കോഴിക്കോടൻ സംഘം പരേഡിൽ കോൽക്കളി അവതരിപ്പിക്കുന്നത്. പ്രശസ്ത കോൽക്കളി ആചാര്യനു
HISTORIC KOLKALI DEBUT AT RAJPATH


Kozhikode, 15 ജനുവരി (H.S.)

രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ മലബാറിൻ്റെ തനത് കലാരൂപമായ കോൽക്കളിയുടെ ഈരടികൾ മുഴങ്ങും. ചരിത്രത്തിലാദ്യമായാണ് കോഴിക്കോടൻ സംഘം പരേഡിൽ കോൽക്കളി അവതരിപ്പിക്കുന്നത്. പ്രശസ്ത കോൽക്കളി ആചാര്യനും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ യാസിർ കുരിക്കളുടെ ശിക്ഷണത്തിൽ കോഴിക്കോട് പരപ്പിൽ എംഎംഎച്ച്എസ്എസിലെ 12 വിദ്യാർഥികളാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സംഘം ഡൽഹിയിലെത്തിയത്. വടക്കൻ മാപ്പിള ശൈലിയിലുള്ള കോൽക്കളിയാണ് ഇവർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്നിൽ അവതരിപ്പിക്കുക.

രാജവീഥിയിൽ മലബാറിൻ്റെ താളം

കൈകളിൽ അമർന്ന കോലുകൾ പരസ്പരം ചുംബിക്കുമ്പോൾ ഉയരുന്ന നാദവും മെയ്‌വഴക്കത്തിൻ്റെ വേഗതയും സമന്വയിക്കുന്ന കോൽക്കളി റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറും. കോഴിക്കോടിൻ്റെ പാരമ്പര്യം പേറുന്ന കാൽച്ചുവടുകൾ രാജ്പഥിലെ ചുവപ്പൻ മണ്ണിൽ പതിയുമ്പോൾ, അത് കേവലം ഒരു പ്രകടനമല്ല, മറിച്ച് നമ്മുടെ സംസ്കാരത്തിൻ്റെ വിജയകാഹളമാണെന്ന് യാസിർ കുരുക്കൾ പറഞ്ഞു. ഈ ഉജ്ജ്വല നേട്ടം കോൽക്കളി എന്ന കലാരൂപത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കാണുന്നതായും ഓരോ ചുവടിലും നമ്മുടെ നാടിൻ്റെ സ്പന്ദനമുണ്ടാകട്ടെ. ഈ സുദിനം ചരിത്രതാളുകളിൽ പൊൻലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു

മുഹമ്മദ് റൂഹാൻ കെ, ജസീം അഹമ്മദ് പി പി, മുഹമ്മദ് ഹാരിഫ് എൻ പി, അജം ഫെബിൻ വി, മുഹമ്മദ് സൽമാൻ വി പി, അഹമ്മദ് ലബീബ് എ പി, വാജിദ് ബിലാൽ പി എ, മുഹമ്മദ് നെബീൽ എ ടി, മുഹമ്മദ് റോഷൻ ജെ ടി, അദ്‌നാൻ അലി പി പി, അൻഷിഫ് എൻ പി എന്നിവരാണ് ടീം അംഗങ്ങൾ.

ഗുരു പദവിയിൽ യാസിർ കുരിക്കൾ

രണ്ട് പതിറ്റാണ്ടിലേറെയായി മാപ്പിള കലാരംഗത്ത് സജീവമായ യാസിർ കുരിക്കൾ, കോൽക്കളിയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. കേരള സർക്കാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വടക്കൻ മാപ്പിള കോൽക്കളി,മാപ്പിള സംഘ കലകൾ പണിപ്പുരയിലുള്ള കുത്ത് റാത്വീബിൻ്റെ അകം പൊരുൾ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ കീഴിൽ കേരളത്തിനകത്തും പുറത്തും വിവിധ വകുപ്പുകൾ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിലും മാപ്പിള കലകളുടെ അവതരണം നടത്തിയിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ മറ്റു സ്വകാര്യദൃശ്യ ശ്രാവ്യ മധ്യമങ്ങൾ, അന്തർ ദേശീയ ചാനലായ അൽ ജസീറ എന്നിവയ്ക്കു പുറമേ പതിനൊന്നോളം സിനിമകളിലും മാപ്പിള കലകളുടെ അവതരണം നടത്തി.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ കോൽക്കളി വിഷയമായ സോദാഹരണ പ്രഭാഷണങ്ങൾ നടത്തി വരുന്നു. യുഎയിൽ നടന്ന ഇന്ത്യൻ സ്കൂൾ കലോൽസവം, സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി വിവിധ മത്സര വേദികളിൽ വിധികർത്താവായി പ്രവർത്തിക്കുന്നു. 2023 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഗുരു പദവി അംഗീകാരം ലഭിച്ചു. കേരള സർക്കാർ ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം 2014 ൽ കരസ്ഥമാക്കി. കേരള സർക്കാർ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അവാർഡ്, വൺ ഇന്ത്യ ചെയ്ഞ്ച് അവാർഡ്, കേന്ദ്ര സർക്കാർ SERVE INDIA യുവ നാടൻ കലാകാര പുരസ്കാരം2017, കേരള നാട്ടുകൂട്ടം കലാഭവൻ മണി പുരസ്കാരം 2019, കേരള സർക്കാർ വജ്ര ജൂബിലിഫെലോഷിപ്പ് 2018 തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News