Enter your Email Address to subscribe to our newsletters

Kannur, 15 ജനുവരി (H.S.)
ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ ശക്തമായി ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. പല സാഹചര്യങ്ങൾ കൊണ്ട് കുറ്റവാളികളായി പോയവരാണെങ്കിലും അവർ മനുഷ്യരാണെന്നും ജയിലിൽ കഴിയുന്ന പാവപ്പെട്ടവർക്ക് വേതനം വർധിപ്പിച്ചു നൽകിയതിനെ എന്തിനാണ് എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജയിലിൽ കഴിയുന്നവർക്ക് സോപ്പോ മറ്റ് അത്യാവശ്യ സാധനങ്ങളോ വാങ്ങണമെങ്കിൽ ഈ കൂലി കൂടിയേ തീരൂ. സർക്കാർ നടത്തിയത് തികച്ചും കാലോചിതമായ പരിഷ്കാരം മാത്രമാണ്. കഠിനമായ കുറ്റകൃത്യങ്ങൾ ചെയ്തവരാണെങ്കിൽ പോലും ശിക്ഷാ കാലാവധി കഴിഞ്ഞ് പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം അവർ പുറത്തിറങ്ങുമ്പോൾ, ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച ഈ തുക അവർക്ക് ഉപകരിക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിക്കാത്തതിനെ കുറിച്ച് ചോദിക്കുന്നവർ കേന്ദ്ര സർക്കാരിനെയാണ് സമീപിക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തൊഴിലുറപ്പ് കൂലി നിശ്ചയിക്കുന്നത് കേന്ദ്രമാണ്. മിനിമം വേതനം പോലും നൽകാത്ത കേന്ദ്ര നടപടിക്കെതിരെയാണ് സമർദം ചെലുത്തേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ നൽകുന്ന ഇത്തരം ആനുകൂല്യങ്ങളെ അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തെയും ഇപി ജയരാജൻ പരിഹസിച്ചു. അമിത് ഷാ വന്നതും പോയതും ആരും അറിഞ്ഞില്ലെന്നും മാധ്യമങ്ങൾ പോലും അത് ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് പ്രതികരിക്കവേ, കോൺഗ്രസിൻ്റെ നയങ്ങളാണ് അവരുടെ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തെ എതിർക്കുന്നതിലാണ് കോൺഗ്രസിന് താത്പര്യമെന്നും ബിജെപിയെ നേരിടുന്നതിൽ അവർ പരാജയമാണെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
വേതന വർധനവിലെ കണക്കുകൾ
സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം കുത്തനെ ഉയർത്തിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 620 രൂപയാക്കിയാണ് ദിവസ വേതനം വർധിപ്പിച്ചത്. നിലവിൽ പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് ഒറ്റയടിക്ക് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, ജയിൽ വകുപ്പ് ശിപാർശ ചെയ്തതിനേക്കാൾ ഉയർന്ന തുക സർക്കാർ അനുവദിച്ചു എന്നതാണ്. വേതനം 350 രൂപയാക്കി ഉയർത്താനായിരുന്നു ജയിൽ വകുപ്പിൻ്റെ ശിപാർശ. എന്നാല്‍ ജയിൽ അന്തേവാസികളുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് സർക്കാര്‍ ഇത് 620 ആക്കി ഉയർത്തുകയായിരുന്നു. ഇതോടെ രാജ്യത്ത് തന്നെ തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറി.
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നത്. ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജയിലുകളിൽ വിവിധ ജോലികൾ ചെയ്യുന്ന എല്ലാ വിഭാഗം തടവുകാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. സ്കിൽഡ്, സെമി സ്കിൽഡ്, അണ്‍ സ്കിൽഡ് എന്നിങ്ങനെ തരംതിരിച്ചുള്ള മൂന്നു വിഭാഗങ്ങളുടെയും ശമ്പളമാണ് ആനുപാതികമായി കൂട്ടിയത്. ഇതനുസരിച്ച് സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 രൂപയിൽ നിന്നും 620 രൂപയാക്കി വർധിപ്പിച്ചു. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153 രൂപയിൽ നിന്നും 560 രൂപയാക്കിയും, അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127 രൂപയിൽ നിന്നും 530 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്.
വേതന വിതരണം ഇങ്ങനെതടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വർധിപ്പിച്ച വേതനം പൂർണമായും തടവുകാർക്ക് ലഭിക്കില്ല, മറിച്ച് അത് ശാസ്ത്രീയമായി വിഭജിക്കപ്പെടും. തടവുകാരുടെ ആകെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് (ഇരകൾക്കുള്ള നഷ്ടപരിഹാര നിധി) മാറ്റും. കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടവർക്ക് സഹായം ഉറപ്പാക്കാനാണ് ഈ തുക വിനിയോഗിക്കുക.
അതിന് ശേഷം വരുന്ന ബാക്കി തുക മൂന്നായി വിഭജിച്ചാണ് കൈകാര്യം ചെയ്യുക. ഇതിൽ 25 ശതമാനം തടവുകാർക്ക് ജയിലിനുള്ളിലെ കാൻറീൻ ആവശ്യങ്ങൾക്കും സോപ്പ്, പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുമായി ഉപയോഗിക്കാം. 50 ശതമാനം തുക തടവുകാരുടെ വീടുകളിലേക്ക് മണിയോർഡറായി അയച്ചു നൽകും. ഇത് അവരുടെ കുടുംബത്തിന് വലിയൊരു ആശ്വാസമാകും. ബാക്കി വരുന്ന 25 ശതമാനം തുക നിർബന്ധിത സമ്പാദ്യമായി സർക്കാർ തന്നെ സൂക്ഷിക്കുകയും, ശിക്ഷാ കാലാവധി കഴിഞ്ഞ് തടവുകാർ പുറത്തിറങ്ങുമ്പോള്‍ കൈമാറുകയും ചെയ്യും. ജയിൽ മോചിതരാകുന്നവർക്ക് പുതിയൊരു ജീവിതം തുടങ്ങാൻ ഈ തുക മുതൽക്കൂട്ടാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR