Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ജനുവരി (H.S.)
കേരള റബ്ബര്‍ ലിമിറ്റഡ് 2026ലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. പ്രോജക്‌ട് എഞ്ചിനീയര്‍, മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് റബ്ബര്‍ ലിമിറ്റഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള രണ്ട് നിയമനങ്ങളാണ് ഇത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ജനുവരി 14 മുതല്‍ ജനുവരി 28 വരെ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കേരളത്തില്‍ തന്നെയായിരിക്കും നിയമനം. ഓരോ തസ്തികയിലും ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ഇതില്‍ ഒരു വര്‍ഷത്തെയെങ്കിലും പരിചയം സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഉണ്ടായിരിക്കണം.ഈ തസ്തികയിലേക്കുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും. മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്) തസ്തികയിലേക്ക് CA, CMA അല്ലെങ്കില്‍ ICWA യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പേരെടുത്ത ഏതെങ്കിലും സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് / ഫിനാന്‍സ് വിഭാഗത്തില്‍ കുറഞ്ഞത് എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്.മാനേജര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് 45 വയസാണ് ഉയര്‍ന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 79,000 രൂപ മുതല്‍ 89,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. യോഗ്യതയുടെയും അക്കാദമിക് മികവിന്റെയും പ്രവര്‍ത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതാണ്.
തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. ആവശ്യമെങ്കില്‍ സ്ഥാപനത്തിന് അധിക പരീക്ഷകളോ തിരഞ്ഞെടുപ്പ് ഘട്ടങ്ങളോ കൂട്ടിച്ചേര്‍ക്കാന്‍ അനുവാദമുണ്ട്. തിരഞ്ഞെടുപ്പ് നടപടികളുടെ ഏത് ഘട്ടത്തിലും അപേക്ഷകരുടെ യോഗ്യതാ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റുകളും കര്‍ശനമായി പരിശോധിക്കും.
സമര്‍പ്പിച്ച വിവരങ്ങളില്‍ എന്തെങ്കിലും കൃത്യതയില്ലായ്മയോ പൊരുത്തക്കേടുകളോ കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
നിയമനം സംബന്ധിച്ച അന്തിമ അധികാരം കേരള റബ്ബര്‍ ലിമിറ്റഡ് അല്ലെങ്കില്‍ സിഎംഡിയില്‍ നിക്ഷിപ്തമാണ്. അപേക്ഷിക്കാന്‍ താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷിക്കുന്നതിന് മുന്‍പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.അതിനുശേഷം നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും തെറ്റുകൂടാതെ പൂരിപ്പിക്കുക.
വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂര്‍ണ്ണമായി സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ്‌ഔട്ട് എടുത്ത് ഭാവിയിലെ റഫറന്‍സിനായി സൂക്ഷിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR