Enter your Email Address to subscribe to our newsletters

Newdelhi, 15 ജനുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. സഞ്ജുവിൻ്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പാർട്ടി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ വിവരത്തെക്കുറിച്ച് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്ത് താൻ തന്നെയായിരിക്കും ബിജെപി സ്ഥാനാർഥിയെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാൻ വി മുരളീധരനും താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലേക്കുള്ള പുതിയ ആളുകളുടെ കടന്നുവരവ് സ്വാഭാവികമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വികസന അജണ്ടയിൽ വിശ്വസിച്ച് എവിടെ നിന്ന് വരുന്നവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും.
ഒത്തുകളി രാഷ്ട്രീയം അവസാനിച്ചു
വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള പതിവ് രാഷ്ട്രീയ ഒത്തുകളി ഇനി നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തവണ നിങ്ങൾ ഭരിച്ചോളൂ, അടുത്ത തവണ ഞങ്ങൾ ഭരിക്കാം എന്ന രീതിയിലുള്ള 'ഫിക്സഡ് മാച്ച്' രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചു. വികസനം, സുരക്ഷ, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. രാഷ്ട്രീയ പാർട്ടികൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ തയാറായില്ലെങ്കിൽ പോലും ജനങ്ങൾ അവരെക്കൊണ്ട് നിർബന്ധിച്ച് ചർച്ച ചെയ്യിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഇരുപത് വർഷമായി സിപിഎമ്മും കോൺഗ്രസും ചേർന്ന് ബിജെപി ഒരു അയിത്തം കൽപിക്കേണ്ട പാർട്ടിയാണെന്നും വർഗീയ പാർട്ടിയാണെന്നും ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ബിജെപിയെക്കുറിച്ച് ആസൂത്രിതമായി സൃഷ്ടിച്ച ഈ തെറ്റിദ്ധാരണ മാറ്റാനാണ് പാർട്ടി ശ്രമിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് 'ഔട്ട്റീച്ച്' പരിപാടികൾ സംഘടിപ്പിക്കും. നുണകൾ പറഞ്ഞും ജനങ്ങളെ വിഡ്ഢികളാക്കിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം വികസന കാര്യങ്ങൾ ചർച്ച ചെയ്ത് മത്സരിക്കാൻ കോൺഗ്രസിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR