ശബരിമല ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം താത്കാലിക ജീവനക്കാർ അറസ്റ്റിൽ
Pathanamthitta, 15 ജനുവരി (H.S.) ശബരിമല ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം താത്കാലിക ജീവനക്കാർ അറസ്റ്റിൽ. ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത
Sabarimala


Pathanamthitta, 15 ജനുവരി (H.S.)

ശബരിമല ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം താത്കാലിക ജീവനക്കാർ അറസ്റ്റിൽ. ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലും പണവും സ്വർണവും കണ്ടെടുത്തു.

ആലപ്പുഴ കൊടുപ്പുന്ന മനയിൽ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്ക്കൽ സുനിൽ ജി നായർ (51) എന്നിവരെയാണ് വിജിലൻസ് പിടികൂടി സന്നിധാനം പൊലീസിന് കൈമാറിയത്. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതാണ് പരിശോധനയ്ക്ക് വഴിയൊരുക്കിയത്. ഇരുവരുടെയും വായ അസാധാരണമാംവിധം നിറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വായ്ക്കുള്ളിൽ ചുരുട്ടി തിരുകിയ നിലയിൽ വിദേശ കറൻസികൾ കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ ഗോപകുമാറിൻ്റെ വായ്ക്കുള്ളിൽ നിന്ന് മലേഷ്യൻ കറൻസിയും സുനിൽ ജി നായരുടെ വായ്ക്കുള്ളിൽ നിന്ന് യൂറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് പുറത്തെടുത്തത്. വിദേശ കറൻസികളിൽ വാട്ടർ പ്രൂഫ് കോട്ടിങ് ഉള്ളതിനാൽ ഇവ വായിൽ ഇട്ടാലും ഉമിനീരിൽ അലിഞ്ഞു കേടാകില്ലെന്നത് മനസിലാക്കിയാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്തിയത്. സാധാരണ പേപ്പർ കറൻസികൾ വായിൽ സൂക്ഷിച്ചാൽ നനഞ്ഞ് കേടാകാൻ സാധ്യതയുണ്ടെങ്കിലും പ്ലാസ്റ്റിക് അംശമുള്ള വിദേശ നോട്ടുകൾക്ക് ഈ പ്രശ്നമില്ലാത്തത് പ്രതികൾ മുതലെടുക്കുകയായിരുന്നു.

മുറിയിൽ നിന്ന് പിടിച്ചെടുത്തത്

ശരീര പരിശോധനയ്ക്ക് പിന്നാലെ ഇവരുടെ മുറികളിലും വിജിലൻസ് വിശദമായ പരിശോധന നടത്തി. ഗോപകുമാറിൻ്റെ ബാഗിൽ നിന്ന് 13,820 രൂപയും രണ്ട് ഗ്രാമിൻ്റെ സ്വർണലോക്കറ്റും കണ്ടെടുത്തു. 500 രൂപയുടെ 27 നോട്ടുകളും 100 ൻ്റെ രണ്ട് നോട്ടുകളും ഇരുപതിൻ്റെ നാല് നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സുനിൽ ജി നായരുടെ ബാഗിൽ നിന്ന് 25,000 രൂപയും 17 വിദേശ കറൻസികളും കണ്ടെടുത്തതായി വിജിലൻസ് എസ്‌പി വി സുനിൽകുമാർ അറിയിച്ചു. 500 രൂപയുടെ 50 നോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.

സുരക്ഷാക്രമീകരണങ്ങളും നടപടികളും

അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന സന്നിധാനത്തെ ഭണ്ഡാരത്തിൽ നിന്ന് നടന്ന ഈ മോഷണം ഗൗരവകരമായാണ് ദേവസ്വം ബോർഡും വിജിലൻസും കാണുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കോടിക്കണക്കിന് രൂപയാണ് ഭണ്ഡാരത്തിൽ കാണിക്കയായി ലഭിക്കുന്നത്. നോട്ടുകളും നാണയങ്ങളും വേർതിരിച്ചെടുക്കുന്നതിനായി നൂറുകണക്കിന് ജീവനക്കാരെയാണ് ദേവസ്വം ബോർഡ് നിയോഗിക്കുന്നത്. സിസിടിവി കാമറകളുടെ സഹായത്തോടെയും നേരിട്ടും വിജിലൻസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.

ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ ജീവനക്കാരനെയും കർശനമായ ദേഹപരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെങ്കിലും വായ്ക്കുള്ളിൽ പണം ഒളിപ്പിക്കുന്നത് പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ലെന്ന പഴുതാണ് ഇവർ ഉപയോഗപ്പെടുത്തിയത്. ജോലി സമയത്ത് നോട്ടുകൾ എണ്ണുന്നതിനിടയിൽ കൈക്കലാഘവം കാണിച്ച് ഇവ ചുരുട്ടി വായിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ ഇവരുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും തോന്നിയ സംശയമാണ് മോഷണം വെളിച്ചത്തു കൊണ്ടുവന്നത്. മുൻകാലങ്ങളിലും ശബരിമലയിൽ സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിവസ്ത്രത്തിനുള്ളിലും സോക്സിനുള്ളിലും അരപ്പട്ടയിലും പണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരവധി പേർ മുൻപ് പിടിയിലായിട്ടുണ്ട്.

പൊടിയും ചൂടും സഹിച്ച് അതീവ ശ്രമകരമായാണ് ജീവനക്കാർ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് ചില താത്കാലിക ജീവനക്കാർ അത്യാർത്തി മൂലം മോഷണത്തിന് മുതിരുന്നത്. ഭണ്ഡാരത്തിലെ ജോലിക്ക് നിയോഗിക്കുന്ന താത്കാലിക ജീവനക്കാരുടെ മുൻകാല ചരിത്രവും പശ്ചാത്തലവും കൂടുതൽ കർശനമായി പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. പിടിയിലായവർക്കെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇവരെ കോടതിയിൽ ഹാജരാക്കും. അയ്യപ്പഭക്തർ തിരുമുമ്പിൽ സമർപ്പിക്കുന്ന കാണിക്ക മോഷ്ടിക്കുന്നത് ക്ഷേത്രത്തിൻ്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഇനി മേലിൽ ദേവസ്വം ബോർഡിൻ്റെ ജോലികൾക്കും ഇവരെ പരിഗണിക്കാതിരിക്കാനും നടപടിയുണ്ടാകും. വരും ദിവസങ്ങളിൽ ഭണ്ഡാരത്തിലെ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News