Enter your Email Address to subscribe to our newsletters

Kozhikode, 15 ജനുവരി (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നായ, കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കല്‍പ്പറ്റ ആവശ്യപ്പെടാൻ മുസ്ലീം ലീഗ് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാർട്ടി ഉണ്ടാക്കിയ മുന്നേറ്റവും ചരിത്ര വിജയവും ഒക്കെ കണക്കിലെടുത്താണ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനായി ലീഗ് ഒരുങ്ങുന്നത്. അതിന് പിന്നാലെയാണ് കല്‍പ്പറ്റയില്‍ അവർ കണ്ണ് വയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ എളുപ്പത്തില്‍ ലീഗിന് ജയിക്കാൻ കഴിയുന്നത് എന്ന നിലയിലാണ് കല്‍പ്പറ്റ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട സമ്മർദ്ദം ഉയരുന്നുണ്ട്. ലീഗിന്റെ കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
അങ്ങനെയെങ്കില്‍ ടി സിദ്ദിഖിന് സീറ്റ് നഷ്‌ടമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.മലബാർ മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ലീഗിലൂടെ യുഡിഎഫ് നേടിയെടുത്തത്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്നാണ് പാർട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന പ്രധാന ആവശ്യം.
ഇത് ശരിവച്ചു കൊണ്ടാണ് കല്‍പ്പറ്റയിലെ പ്രാദേശിക നേതൃത്വം സീറ്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി ചർച്ച നടന്നിട്ടില്ല.
വയനാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങള്‍ ജില്ലയില്‍ സജീവമായി നടക്കുന്നുണ്ട്. സർക്കാർ ടൗണ്‍ഷിപ്പിന് പുറമെ നിലവില്‍ ലീഗ് നിർമ്മിക്കുന്ന വീടുകളുടെ പണികളും പുരോഗമിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ആവട്ടെ ഇതുവരെ സ്ഥലം രജിസ്‌റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളില്‍ മാത്രമേ എത്തിയിട്ടുള്ളൂ.
ഈ സാഹചര്യത്തില്‍ ലീഗിന് ഇവിടെ മുൻതൂക്കം ഉണ്ടെന്നാണ് അവർ ഉന്നയിക്കുന്ന വാദം.കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ ഇടത് കേന്ദ്രങ്ങളോട് നേരിട്ട് ഏറ്റുമുട്ടി പുനരാധിവാസ വിഷയത്തില്‍ ഭൂമി രജിസ്‌ട്രേഷൻ വരെ എത്തിച്ച ടി സിദ്ദിഖ് ആവട്ടെ ഇവിടെ ഒരുവട്ടം കൂടി ജയിച്ചു കേറാമെന്നുള്ള മോഹത്തിലായിരുന്നു എന്ന് വ്യക്തം. എന്നാല്‍ ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കല്‍പ്പറ്റ മണ്ഡലം വിട്ടുകൊടുത്താല്‍ ടി സിദ്ദിഖിന് പകരം ഏത് മണ്ഡലം നല്‍കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം.
അതിനിടെ ജില്ലയിലെ തന്നെ മറ്റൊരു പ്രധാന മണ്ഡലമായ മാനന്തവാടിയുടെ കാര്യത്തിലും ചില വാർത്തകള്‍ പുറത്ത് വരുന്നുണ്ട്. സികെ ജാനുവിന്റെ സ്ഥാനാർത്ഥിത്വമാണ് ഇവിടെ ചർച്ചയാവുന്നത്. മാനന്തവാടി മണ്ഡലത്തില്‍ മത്സരിക്കാനാണ് ജെആർപിക്ക് താല്‍പ്പര്യമെന്നാണ് ലഭ്യമായ വിവരം. യുഡിഎഫ് നേതൃത്വത്തോട് തന്നെ ഇക്കാര്യം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് സികെ ജാനു.
അങ്ങനെയെങ്കില്‍ അവിടെ ജയം ഉറപ്പിച്ച് സഭയില്‍ ഒരു സാന്നിധ്യമാവാം എന്നാണ് ജെആർപിയുടെ പ്രതീക്ഷ.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏകദേശം പതിനായിരത്തില്‍ അധികം വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉള്ളത്. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.
നേരത്തെ എൻഡിഎയുടെ ഭാഗമായപ്പോള്‍ രണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ സികെ ജാനു ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.എന്നാല്‍ ഇക്കുറി യുഡിഎഫില്‍ എത്തിയതോടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
മന്ത്രിയായ ഒആർ കേളുവാണ് നിലവില്‍ ഇവിടെ എംഎല്‍എ. അദ്ദേഹത്തിനെതിരെ മത്സരിക്കാൻ സികെ ജാനുവിന് താല്‍പര്യമുണ്ട് താനും. ഇവിടെ മുൻ മന്ത്രി പികെ ജയലക്ഷ്‌മിയുടെയും ഐസി ബാലകൃഷ്‌ണന്റെയും പേരുകള്‍ ഉയർന്നുകേള്‍ക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR