'ദിലീപ് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റു' കോടതിയെ അധിക്ഷേപിച്ച ചാൾസ് ജോർജിന് പണി കിട്ടി; കേസെടുക്കാൻ ഉത്തരവ്
Kochi, 15 ജനുവരി (H.S.) നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച വിചാരണക്കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ
Actor Dileep


Kochi, 15 ജനുവരി (H.S.)

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച വിചാരണക്കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് ഈ നടപടി.

വിധിപറഞ്ഞ ദിവസം താൻ കോടതിയിൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട ചാൾസ് ജോർജ്ജ്, കോടതി വിധി പക്ഷപാതപരമാണെന്നും നീചമാണെന്നും ആരോപിച്ചിരുന്നു. ദിലീപ് കോടതിയിൽ വരുമ്പോൾ ജഡ്ജ് ബഹുമാനപൂർവ്വം എഴുന്നേറ്റ് നിൽക്കാറുണ്ടെന്നും യഥാർത്ഥ പ്രതികൾ രക്ഷപെട്ടുവെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് ചാൾസ് ജോർജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അഭിഭാഷകരായ രാഹുൽ ശശിധരൻ, ഗിജീഷ് പ്രകാശ് എന്നിവർ മുഖേന പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ചാൾസ് ജോർജ്ജിന്റെ പരാമർശങ്ങൾ ബോധപൂർവ്വം പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെളിവായി ഇയാൾ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവും കോടതിയിൽ ഹാജരാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡിസംബർ എട്ടിനാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. ഇതിന് പിന്നാലെ ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നിൽ വെച്ചാണ് ചാൾസ് ജോർജ്ജ് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News