260 പേരുടെ ജീവൻ എടുത്ത വിമാനാപകടം; പൈലറ്റിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാൻ വിളിച്ചു; പ്രതിഷേധം ശക്തം
New delhi, 15 ജനുവരി (H.S.) കഴിഞ്ഞ വർഷം അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ 171 വിമാനത്തിന്റെ പൈലറ്റ് സുമീത് സബർവാളിന്റെ ബന്ധുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചതിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ
Air India plane crash


New delhi, 15 ജനുവരി (H.S.)

കഴിഞ്ഞ വർഷം അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ 171 വിമാനത്തിന്റെ പൈലറ്റ് സുമീത് സബർവാളിന്റെ ബന്ധുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചതിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (AAIB) പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (FIP) നിയമപരമായ നോട്ടീസ് അയച്ചു. എയർ ഇന്ത്യ പൈലറ്റായ ക്യാപ്റ്റൻ വരുൺ ആനന്ദിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചത്. ഇദ്ദേഹം മരിച്ച ക്യാപ്റ്റൻ സുമീത് സബർവാളിന്റെ ബന്ധുവാണ്.

ക്യാപ്റ്റൻ വരുൺ ആനന്ദിന് ഈ വിമാനവുമായോ അതിന്റെ പ്ലാനിംഗുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹം ഈ അപകടത്തിന് സാക്ഷിയോ സാങ്കേതിക വിദഗ്ധനോ അല്ല. പൈലറ്റിന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ വിളിച്ചുവരുത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അപകടത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ പൈലറ്റിന്റെ കുടുംബാംഗങ്ങളെ വിളിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അപകടത്തിന് പിന്നിൽ പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിത്തീർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. മരിച്ചുപോയ പൈലറ്റുമാർക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കഴിയില്ലെന്നത് അധികൃതർ മുതലെടുക്കുകയാണെന്നും അവർ പറഞ്ഞു.

വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ സംസാരിക്കുന്ന ചില സംശയകരമായ ഓഡിയോ റെക്കോർഡിംഗ് പുറത്തു വന്നിരുന്നു. ഇതാണ് പൈലറ്റുമാരുടെ പിഴവാണെന്ന സംശയത്തിന് ഇടയാക്കിയത്. എന്നാൽ, റിപ്പോർട്ടിൽ ഗുരുതരമായ തെറ്റുകളുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി മരിച്ച പൈലറ്റിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അന്വേഷണത്തിൽ കൃത്രിമത്വമില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 12 ജീവനക്കാരും 229 യാത്രക്കാരും മരിച്ചു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കൂടാതെ 19 പരിസരവാസികളും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ആകെ 260 പേർക്കാണ് ജീവൻ നഷ്ടമായത്.

---------------

Hindusthan Samachar / Sreejith S


Latest News