ബിനോയ് വിശ്വത്തിന് ജോസിനെ വിശ്വാസം; കേരള കോണ്‍ഗ്രസ് ഇടതു മുന്നണി വിടില്ലെന്ന് സിപിഐ
Kottayam, 15 ജനുവരി (H.S.) കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ മുന്നണി വിടില്ലെന്നാണ് ജോസ് മാധ്യമങ്ങളോട് പറഞ്ഞത് ആ വാക്ക് വിശ്വസിക്കുകയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്നലെ രാത്ര
jose binoy


Kottayam, 15 ജനുവരി (H.S.)

കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ മുന്നണി വിടില്ലെന്നാണ് ജോസ് മാധ്യമങ്ങളോട് പറഞ്ഞത് ആ വാക്ക് വിശ്വസിക്കുകയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്നലെ രാത്രിയും ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ നിലപാട് പറയുമ്പോള്‍അതില്‍ അവിശ്വാസം കാണേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസിന് മുന്നണി വിടേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതു മുന്നണിയില്‍ ഉറച്ച് നില്‍ക്കും എന്ന് ജോസ് കെ മാണി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും. ജോസ് കെ മാണിക്ക്് യുഡിഎഫ് പ്രവേശനത്തില്‍ അനുകൂല നിലപാടാണ് എങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ എതിര്‍പ്പാണ് തീരുമാനം വൈകിപ്പിക്കുന്നത്. സമവായം ഉണ്ടാകാതെ മുന്നണി മാറ്റത്തിലേക്ക് പോയാല്‍ അത് പിളര്‍പ്പിലേക്ക് നയിക്കും. പാര്‍ട്ടിയെ അത് തളര്‍ത്തുകയും ചെയ്യും. അതാണ് ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്നത്.

മുസ്ലിം ലീഗും ക്രൈസ്ത സഭകളുമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ജോസ് കെ മാണി മുന്നണി മാറ്റം ഇല്ല എന്ന പ്രഖ്യാപനത്തില്‍ ആശ്വാസമുണ്ടെങ്കിലും സിപിഎം ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റോഷിയെ ഒപ്പം നിര്‍ത്താനുളഅള ശ്രമമാണ് അവര്‍ നടത്തുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഇടതുപക്ഷത്തില്‍ തുടരണം എന്ന നിലപാടിലാണ്. അത് ഗുണമാക്കാനുളള പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മില്‍ നിന്നും ഉണ്ടാകുന്നത്.

തിരുവമ്പാടിക്കും പാലയ്ക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

പരസ്പരം വച്ചുമാറ്റത്തിനായി കോണ്‍ഗ്രസ് - ലീഗ് നേതൃത്വങ്ങള്‍ പരിഗണിക്കുന്ന പ്രധാന സീറ്റുകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാനായി തിരുവമ്പാടി വിട്ടുനല്‍കാനുള്ള സന്നദ്ധതയും ലീഗ് അറിയിച്ചിട്ടുണ്ട്. അതേസമയം, തിരുവമ്പാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കും എന്നാണ് മുസ്ലിം ലീഗിന്റെ പരസ്യ നിലപാട്. വിശ്വാസവും വികസനവും സാമുദായിക ഘടകങ്ങളും എല്ലാം ഒരുപോലെ സ്വാധീനിക്കുന്ന മലയോര മണ്ഡലമാണ് തിരുവമ്പാടി.

---------------

Hindusthan Samachar / Sreejith S


Latest News