Enter your Email Address to subscribe to our newsletters

Pathanamthitta 15 ജനുവരി (H.S.)
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാഹുലിനെ അന്വേഷണസംഘം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കി. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്നാണ് ജയിിലിലേക്ക് റിമാന്‍ഡ് ചെയ്തത്.
മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി രാഹുലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിരുന്നു. മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്. തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതി പരാതി നല്‍കിയത്. ഈ ഹോട്ടലില്‍ എത്തിച്ച് തെളിവെുപ്പ് നടത്തിയിരുന്നു. ഹോട്ടലിലെ റജിസ്റ്ററില്‍ പരാതിയില്‍ പറഞ്ഞ തീയതിയില്‍ 408-ാം നമ്പര്‍ മുറി യുവതിയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. ഇതോടെ മുറിയില്‍ എത്തിച്ച രാഹുലിനോട് പീഡനത്തിന്റെ കാര്യം ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും ഒരു മണിക്കൂറോളം യുവതിയുമായി ചെലവഴിച്ചതായും സമ്മതിക്കുകയും ചെയ്തു.
15 മിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ 21 മാസം പിന്നിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പുഞ്ചിരിച്ച മുഖവുമായി വാഹനത്തില്‍ നിന്ന് ഹോട്ടലിലേക്ക് തെളിവെടുപ്പിന് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മടങ്ങിയത് ചിരിമാഞ്ഞ അവസ്ഥയിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ മടങ്ങുകയും ചെയ്തു. രാഹുലിന്റെ മൊബൈല്‍ അറസ്റ്റ് ചെയ്ത ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ പ്രതി തയാറായിട്ടില്ല.വിശദമായ ചോദ്യം ചെയ്യലിനും ശേഷമാണ് എസ്‌ഐടി പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്,
രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദമായ വാദം കേള്‍ക്കും. കെട്ടിച്ചമച്ച കേസാണെന്നും പരസ്പരമുള്ള സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് അതിനാല്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്നും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയില്‍ ഹാജരാകുന്നത്.
ഇതൊരു കെട്ടിച്ചമച്ച കഥയാണ്, കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിക്കുന്നത്.
---------------
Hindusthan Samachar / Sreejith S