Enter your Email Address to subscribe to our newsletters

Kollam, 15 ജനുവരി (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി എസ്‌ഐടി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ മോഷ്ടിച്ച കേസിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസില്‍ തന്ത്രി ജയിലിലാണ്.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റുന്നതിനായി 'അനുജ്ഞാ കലശം' നടത്തിയത് തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഈ സ്വര്‍ണം കൈമാറാന്‍ തന്ത്രി അനുവാദം നല്‍കിയത്. സ്വര്‍ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്‌ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടില്‍ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം (കുതിരയുടെ രൂപം) കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ബോര്‍ഡ് തീരുമാനപ്രകാരമല്ല, മറിച്ച് കീഴവഴക്കം അനുസരിച്ചാണ് തന്ത്രിക്ക് വാജി വാഹനം നല്‍കിയതെന്ന് മുന്‍ ബോര്‍ഡ് അംഗം അജയ് തറയില്‍ പ്രതികരിച്ചിട്ടുണ്ട്. തന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മൂന്‍ അംഗമായ കെപി ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. കേസിലെ 11-ാം പ്രതിയാണ് ശങ്കരദാസ്. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രതിയുള്ളത്. കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കഴിയാത്ര അത്രയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും.
റിമാന്‍ഡ് നടപടിക്ക് ശേഷം ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. അതിനുള്ള സാധ്യതകളുടെ എസ്ഐടി സംഘം പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ആയിരുന്നു ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ശശിധരന്‍ ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്.
ശങ്കര്‍ദാസ് കൂടി അറസ്റ്റിലായതോടെ അന്നത്തെ ഭരണ സമിതിയിലെ എല്ലാവരും അറസ്റ്റിലായി. പ്രസിഡന്റ് എ പത്മകുമാര്‍, അംഗമായ വിജയകുമാര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണ്. ശങ്കര്‍ദാസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജ്വല്ലറി വ്യാപാരി ഗോവര്‍ധന്‍ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്യ ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അയാളുടെ മകന്‍ എസ്പിയാണെന്നും, അതാണ് ആശുപത്രിയില്‍ പോയതെന്നുമാണ് ജസ്റ്റിസ് ബദ്റുദ്ദീന്‍ തുറന്നടിച്ചത്.
---------------
Hindusthan Samachar / Sreejith S