Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജനുവരി (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ദ്വാരപാലക വിഗ്രഹങ്ങളിലെ വിഗ്രഹങ്ങളിലെ സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അറ്റകുറ്റപണി വേണമെന്ന് നിര്‍ദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇവ കൈമാറാന്‍ അനുവാദം നല്‍കി. സ്വര്‍ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കട്ടിളപ്പാളിയിലെ സ്വര്‍ണ്ണമോഷണക്കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള തന്ത്രിയെ, ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണ്ണപ്പാളികള്‍ക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിര്‍ദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 'അനുജ്ഞാ കലശം' നടത്തിയതും ഇദ്ദേഹമാണ്.
. ശ്രീകോവില്‍ കട്ടിളപ്പാളി കേസിലെ സമാനമായ ഗൂഢാലോചനയും ഒത്താശയും ഈ കേസിലും നടന്നിട്ടുണ്ട്.
ആചാര ലംഘനം നടന്നിട്ടും തന്ത്രി ദേവസ്വം ബോര്‍ഡിനെ വിവരം അറിയിച്ചില്ല. കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും വിഗ്രഹം പോലുള്ള മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ബോര്‍ഡ് ആരോപിച്ചിരുന്നു.
അതുപോലെ കേസില്‍ ഇന്നലെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മൂന്‍ അംഗമായ കെപി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തു. ചികിത്സയിലുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസിലെ 11-ാം പ്രതിയാണ് ശങ്കരദാസ്. റിമാന്‍ഡ് നടപടിക്ക് ശേഷം ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഡോക്ടര്‍മാരോട് എസ്ഐടി സംഘം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.
ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ആയിരുന്നു ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തത്. ശങ്കര്‍ദാസ് കൂടി അറസ്റ്റിലായതോടെ അന്നത്തെ ഭരണ സമിതിയിലെ എല്ലാവരും അറസ്റ്റിലായി. പ്രസിഡന്റ് എ പത്മകുമാര്‍, അംഗമായ വിജയകുമാര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണ്.
---------------
Hindusthan Samachar / Sreejith S