Enter your Email Address to subscribe to our newsletters

Alappuzha, 15 ജനുവരി (H.S.)
ആലപ്പുഴ: താൻ കോൺഗ്രസ് വിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്നും മരണം വരെ താൻ കോൺഗ്രസ് പാർട്ടിയിൽ തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി. പതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിലിരിക്കുന്ന സമയത്താണ് ഇത്തരമൊരു അപകീർത്തികരമായ വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഷാനിമോൾ പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെ പരാതി
സിപിഐഎം സൈബർ പേജുകളിലൂടെയാണ് ഈ വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. 'കമ്മ്യൂണിസ്റ്റ് കേരളം' എന്ന ഫേസ്ബുക്ക് പേജിലാണ് ഒരടിസ്ഥാനവുമില്ലാത്ത ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തന്നെ രാഷ്ട്രീയമായി അപമാനിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ആലപ്പുഴ എസ്പിക്കും ഡിജിപിക്കും ഷാനിമോൾ ഉസ്മാൻ പരാതി നൽകി. വ്യാജവാർത്ത നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നിലപാട്
പതിനാറാം വയസ്സിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടയായി രാഷ്ട്രീയത്തിൽ ഇറങ്ങിയ ആളാണ് താൻ. കോൺഗ്രസിനെക്കുറിച്ച് വ്യക്തമായി പഠിച്ചാണ് ഈ പ്രസ്ഥാനത്തിന്റെ ഭാഗമായത്. രാഷ്ട്രീയമായി തന്നെ നേരിടാൻ കഴിയാത്ത സിപിഐഎമ്മിന്റെ ഗതികേടാണ് ഇത്തരം നുണപ്രചാരണങ്ങളിലൂടെ പുറത്തുവരുന്നത്. സൈബർ ഇടങ്ങളിൽ വ്യാജ ഐഡികൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീചമായ പ്രവർത്തികൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അവർ വിമർശിച്ചു.
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനം
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നു എന്ന രീതിയിലുള്ള വാർത്തകൾ പടച്ചുവിടുന്നത്. കോൺഗ്രസ് വിടുമെന്ന് കരുതുന്നവരല്ല തന്നെപ്പോലെയുള്ള പ്രവർത്തകരെന്നും സിപിഐഎം തങ്ങളുടെ ഗതികേട് കൊണ്ടാണ് ഇത്തരം വഴികൾ തേടുന്നതെന്നും ഷാനിമോൾ പരിഹസിച്ചു.
തന്റെ കുടുംബം നേരിടുന്ന ദുഃഖകരമായ സാഹചര്യത്തിൽ പോലും ഇത്തരം രാഷ്ട്രീയ വേട്ടയാടലുകൾ നടത്തുന്നത് മനുഷ്യത്വഹീനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 'കമ്മ്യൂണിസ്റ്റ് കേരളം' പേജിന്റെ അഡ്മിനെതിരെ കേസെടുക്കണമെന്നും ഈ സൈബർ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വവും ഷാനിമോൾ ഉസ്മാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K