കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.
Thiruvananthapuram, 16 ജനുവരി (H.S.) കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്താഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന് പുതുതായി
PM MODI KERALA VISIT JANUARY 23


Thiruvananthapuram, 16 ജനുവരി (H.S.)

കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്താഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന് പുതുതായി അനുവദിച്ച നാല് ട്രെയിനുകളിൽ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളും ഒരെണ്ണം പാസഞ്ചർ ട്രെയിനുമാണ്.

ജനുവരി 23നാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിന് അനുവദിച്ച നാലെണ്ണവും തമിഴ്‌നാടിന് അനുവദിച്ച രണ്ടെണ്ണവും ഉൾപ്പെടെ ആറ് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫാണ് അന്നേ ദിവസം പ്രധാനമന്ത്രി നിർവഹിക്കുക. കഴിഞ്ഞ ദിവസം ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. എന്നാൽ ആ ലിസ്‌റ്റിൽ കേരളത്തിൻ്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയിൽവേ മൂന്ന് അമൃത് ഭാരത് സർവീസുകളുമായി എത്തുന്നത്.

പാസഞ്ചർ സമയം ഇങ്ങനെ

എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന രീതിയിലാണ് ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനിൻ്റെ ക്രമീകരണം. വൈകിട്ട് 6.10ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 6.50ന് തൃശൂരിലെത്തും. രാത്രി 8.10നാണ് മടക്കയാത്ര. ഇത് 8.45ന് ഗുരുവായൂരില്‍ അവസാനിക്കും. തിരുവനന്തപുരം നഗരത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ വികസനരേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ അറിയിച്ചിരുന്നു.

തമിഴ്‌നാടിന് രണ്ട് അമൃത് ഭാരത്

നാഗർകോവിൽ - ചർലാപ്പള്ളി, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുന്നത്. ഇവ കൂടാതെ അസം, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ സർവീസുകളിൽ ഭൂരിഭാഗവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് പശ്ചിമ ബംഗാളിനാണ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പശ്ചിമ ബംഗാളിന് ഏഴ് അമൃത് ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ നിന്ന് തമിഴ്‌നാട്ടിലെ നാഗർകോവിൽ, തിരുച്ചിറപ്പള്ളി, താംബരം എന്നിവിടങ്ങളിലേക്കാണ് പ്രധാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഡൽഹി, ഉത്തർപ്രദേശ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും പശ്ചിമ ബംഗാളിൽനിന്ന് സർവീസുകളുണ്ട്. അസം-ഹരിയാന, അസം-ഉത്തർപ്രദേശ് റൂട്ടുകളിലും പുതിയ ട്രെയിനുകൾ ഓടും. പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന ഈ നോൺ-എസി ട്രെയിൻ സർവീസുകൾ ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.

മറ്റ് സർവീസുകളുടെ സമയക്രമം

കിഴക്കൻ, ഉപ-ഹിമാലയൻ പ്രദേശങ്ങളിൽനിന്ന് തെക്ക്, പടിഞ്ഞാറ്, മധ്യ ഇന്ത്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് റെയിൽ ബന്ധം വ്യാപിപ്പിക്കുന്നതാണ് പുതിയ അമൃത് ഭാരത് സർവീസുകൾ. ആഴ്‌ചയിൽ ഒരിക്കൽ ട്രെയിൻ സർവീസ് നടത്തും. അലിപുർദുവാറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് തിങ്കളാഴ്‌ച രാത്രി 10.25ന് പുറപ്പെട്ട് വ്യാഴാഴ്‌ച പുലർച്ചെ 3.00ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്നുള്ള മടക്കയാത്ര ശനിയാഴ്‌ച രാവിലെ 8.50ന് പുറപ്പെട്ട് തിങ്കളാഴ്‌ച രാവിലെ 10.25ന് അലിപുർദുവാറിൽ എത്തും.

കിഴക്കൻ ഹിമാലയൻ ഭാഗത്തേക്ക് പോകുന്ന ട്രെയിൻ സർവീസാണ് ന്യൂ ജൽപൈഗുരി-നാഗർകോവിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്. ട്രെയിൻ ആഴ്‌ചതോറും ഓടും. ന്യൂ ജൽപൈഗുരിയിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം 4.45ന് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 11.00ന് നാഗർകോവിലിൽ എത്തിച്ചേരും. നാഗർകോവിൽ - ന്യൂ ജൽപൈഗുരി അമൃത് ഭാരത് എക്‌സ്‌പ്രസ് നാഗർകോവിലിൽ നിന്ന് ഞായർ രാത്രി 11.00ന് പുറപ്പെട്ട് ബുധൻ പുലർച്ചെ 5.00ന് ന്യൂ ജൽപൈഗുരിയിൽ എത്തിച്ചേരും.

വടക്കുകിഴക്കൻ മേഖലയെയും വടക്കേ ഇന്ത്യയുടെ ഭാഗങ്ങളെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്നതാണ് ദിബ്രുഗഡ്-ലഖ്‌നൗ (ഗോമതി നഗർ) അമൃത് ഭാരത് എക്‌സ്‌പ്രസ്. വെള്ളിയാഴ്‌ച രാത്രി 9.00ന് ദിബ്രുഗഡിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്‌ച ഉച്ചയ്ക്ക് 1.30ന് ഗോമതി നഗറിൽ എത്തും. ഗോമതി നഗർ-ദിബ്രുഗഡ് അമൃത് ഭാരത് എക്‌സ്‌പ്രസ് ഞായറാഴ്‌ച വൈകുന്നേരം 6.40ന് ഗോമതി നഗറിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.40ന് ദിബ്രുഗഡിൽ എത്തും.

ഹൗറ - ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വ്യാഴാഴ്‌ചകളിൽ രാത്രി 11.10ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്‌ച പുലർച്ചെ 02.50ന് ആനന്ദ് വിഹാർ ടെർമിനലിൽ എത്തും. ആനന്ദ് വിഹാർ ടെർമിനൽ - ഹൗറ അമൃത് ഭാരത് എക്‌സ്‌പ്രസ്, ശനിയാഴ്‌ചകളിൽ പുലർച്ചെ 05.15ന് ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്‌ച രാവിലെ 10.50ന് ഹൗറയിൽ എത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News