ഡെന്മാർക്കിന് കീഴിലെ സ്വയംഭരണപ്രദേശമായ ഗ്രീൻലാൻഡിലേക്ക് സൈനികരെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ
Nook, 16 ജനുവരി (H.S.) ഡെന്മാർക്കിന് കീഴിലെ സ്വയംഭരണപ്രദേശമായ ഗ്രീൻലാൻഡിലേക്ക് സൈനികരെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ. യുഎസ്‌ ഉൾപ്പെടെയുള്ള സൈനിക സഖ്യമായ നാറ്റോയിലെ അംഗങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സൈനികരും ഇന്നലെ ഗ്രീൻലാന്‍ഡി
EUROPEAN MILITARY MISSION


Nook, 16 ജനുവരി (H.S.)

ഡെന്മാർക്കിന് കീഴിലെ സ്വയംഭരണപ്രദേശമായ ഗ്രീൻലാൻഡിലേക്ക് സൈനികരെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ. യുഎസ്‌ ഉൾപ്പെടെയുള്ള സൈനിക സഖ്യമായ നാറ്റോയിലെ അംഗങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സൈനികരും ഇന്നലെ ഗ്രീൻലാന്‍ഡിലെത്തി. യുഎസുമായി ഡെന്മാർക്കിലെയും ഗ്രീൻലാൻഡിലെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണിത്.

മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡെന്മാർക്കിനെ പിന്തുണയ്ക്കുന്നതിന് സാധ്യമായ സൈനിക സംഭാവനകൾ നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഗ്രീൻലാന്‍ഡിലെത്തിയ സൈനികർ പ്രസിഡൻ്റ് ട്രംപിനെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഗ്രീൻലാൻഡ് ഏറ്റെടുക്കുക എന്ന അദ്ദേഹത്തിൻ്റെ ലക്ഷ്യത്തെ ഇത് ബാധിക്കില്ല പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

അതേസമയം ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും ഭീഷണിയാകുമെന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീൻലാൻഡിൽ നാറ്റോ നടത്തുന്ന സൈനികവിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് റഷ്യ പറഞ്ഞു. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗ്രീൻലാൻഡും ഡെന്മാർക്കും യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തിയത്. ചർച്ചയിൽ അടിസ്ഥാനപരമായ ഭിന്നതകൾക്ക് പരിഹാരമായില്ലെന്ന റിപ്പേർട്ടായിരുന്നു പുറത്ത് വന്നത്.

ചർച്ചയ്‌ക്ക് ശേഷവും ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ തള്ളിക്കളയില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് പിടിച്ചെടുത്താൽ അവരെ നേരിടാൻ ഡെന്മാർക്കിന് കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

ആശങ്കയുമായി ഗ്രീൻലാൻഡ് പ്രദേശവാസികൾ

ഗ്രീൻലാന്‍ഡിലെ പ്രദേശവാസികൾ ഭൂരാഷ്‌ട്രീയ സംഘർഷങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നുണ്ട്. ഇത് വളരെ വലിയ കാര്യമാണെന്നും ഭയാനകമാണെന്നും ഗ്രീൻലാൻഡ് സ്വദേശിയായ വെരാ സിറ്റ്ഡ്‌സെൻ പറഞ്ഞു. ഭാവിയിൽ പഴയതുപോലെ സമാധനത്തോടെയും പ്രശ്‌നങ്ങളില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.

ലക്ഷ്യത്തോട് ഞങ്ങൾ യോജിക്കുന്നു. ആർട്ടിക്ക് മേഖലയിൽ ദീർഘകാല സുരക്ഷ വർധിപ്പിക്കുക. പക്ഷെ അതിന് തെരഞ്ഞെടുക്കുന്ന രീതിയോട് ഞങ്ങൾ യോജിക്കുന്നില്ല ചർച്ചയ്‌ക്ക് ശേഷം ഡെന്മാർക്കിൻ്റെ വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഡെന്മാർക്കിലെയും ഗ്രീൻലാൻഡിലെയും പ്രധാനമന്ത്രിമാർ കോപ്പൻഹേഗനിൽ സന്ദർശിക്കുന്ന യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തെ കാണുമെന്ന് അധികൃതർ പറഞ്ഞു. ആർട്ടിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഉഭയകക്ഷി പ്രതിനിധി സംഘം ചർച്ച ചെയ്യുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് കൂൺസ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News