ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്കാരം , മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആദരം
Thiruvananthapuram, 16 ജനുവരി (H.S.) 2024 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ശാരദയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത് എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു
J.C. Daniel Award


Thiruvananthapuram, 16 ജനുവരി (H.S.)

2024 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ശാരദയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത് എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും സമുന്നതമായ ചലച്ചിത്ര പുരസ്‌കാരമാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

2017 ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ കരസ്ഥമാക്കിയ അഭിനേത്രിയാണ് ശാരദ. രണ്ട് തവണയും (1968-തുലാഭാരം, 1972-സ്വയംവരം) മലയാള സിനിമയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. 1977 ല്‍ നിമജ്ജനം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ത്രിവേണി, താര എന്നീ സിനിമകളിലെ അഭിനയത്തിന് 1979 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും തേടിയെത്തി. 1945 ജൂണ്‍ 25 ന് ആന്ധ്രപ്രദേശിലെ തെന്നാലിയില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവതിദേവിയുടേയും മകളായിട്ടാണ് ശാരദയുടെ ജനനം. സരസ്വതി ദേവി എന്നാണ് യഥാര്‍ത്ഥ പേര്. അമ്മ സത്യവതി ദേവിയുടെ പിതാവ് മലയാളിയാണ്. അങ്ങനെയാണ് കേരളവുമായുള്ള ബന്ധം തുടങ്ങുന്നത്.

നൃത്തം, നാടകം എന്നിവയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തന്‍ട്രലു കൊടുക്കലു ആയിരുന്നു ആദ്യ തെലുങ്കു ചിത്രം. ഇദ്ദാരു മിത്രാലു എന്ന രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും തെലുങ്കിനേക്കാള്‍ തമിഴില്‍ ആണ് ആദ്യം അവസരങ്ങള്‍ വന്നത്. ശിവാജി ഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. കന്നഡയിലും ശ്രദ്ധേയാമയ വേഷങ്ങള്‍ ചെയ്യുന്നതിനിടെ ഇണപ്രാവുകളിലൂടെ മലയാള സിനിമയില്‍ എത്തി.

ഒരുകാലത്ത് മലയാള സിനിമയിലെ നായികമാര്‍ എന്നാല്‍ ഷീലയും ശാരദയും ആയിരുന്നു. ഇരുവരും മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ബാല്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി. മലയാള സിനിമയില്‍ ദു:ഖപുത്രി എന്ന ലേബലിലായിരുന്നു ശാരദ അറിയപ്പെട്ടിരുന്നത്. 1981-ല്‍ എലിപ്പത്തായത്തില്‍ അഭിനയിച്ചതിന് ശേഷം വളരെ വിരളമായി മാത്രമെ ശാരദ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ.

അഭിനയ പ്രാധാന്യമുണ്ടായിരുന്ന വേഷങ്ങളുണ്ടായിരുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും(1987) കാശ്മീരവും (1994) ചെയ്തത് ഒഴിച്ചാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 2002 ല്‍ മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. രാപ്പകല്‍ (2005), നായിക (2011), അമ്മക്കൊരു താരാട്ട്(2015) എന്നിവയാണ് അവര്‍ അതിനു ശേഷം അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 400-ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടു. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയില്‍ ശാരദ അംഗമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News