Enter your Email Address to subscribe to our newsletters

Kottayam, 16 ജനുവരി (H.S.)
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് 13 സീറ്റുകൾ ആവശ്യപ്പെടാൻ കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യുഡിഎഫ് മുന്നണിയിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണ്. ഇറക്കിവിട്ട സ്ഥലത്തേക്ക് ഇനി കയറിപ്പോകേണ്ടതില്ല. വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പറയുന്നതല്ലാതെ പ്രവേശനം സാധ്യമല്ല. എൽഡിഎഫിലേക്ക് വന്നപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ച 13 സീറ്റുകളിൽ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎമ്മിൻ്റെ ആവശ്യപ്രകാരം വിട്ടുനൽകിയിരുന്നു. എന്നാൽ ഇത്തവണ കുറഞ്ഞത് 13 സീറ്റുകളെങ്കിലും വേണമെന്നും അതിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യതകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനുമുള്ള പൂർണ ചുമതല പാർട്ടി ചെയർമാനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് എം പാർട്ടിയെ പ്രതിസന്ധിഘട്ടത്തിൽ ചേർത്തുപിടിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് പാർട്ടി ചെയർമാൻ പറഞ്ഞു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്നതിൽ യാതൊരുവിധ ആശങ്കയുമില്ല. യുഡിഎഫ് നേതാക്കളുമായി മുന്നണി മാറ്റം സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കേരള കോൺഗ്രസിൻ്റെ നിലപാട്. ഏത് പാർട്ടിക്കാരനായാലും വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നിലവിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വന്നാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജോസ് കെ മാണി ഉറപ്പുനൽകി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് മുന്നണി നേരിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലം നിയമസഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ എൽഡിഎഫിന് മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വോട്ടുകൾക്ക് പിന്നിലായ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ ഇടതുപക്ഷത്തിന് എളുപ്പത്തിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം സമരം പോലുള്ള സാമൂഹിക വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ സന്ദേശം എത്തിക്കുന്നതിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ ചില പരിമിതികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പാർലമെൻ്റ് സമ്മേളനവും ബജറ്റും ഉള്ളതിനാൽ കേരള യാത്രയുടെ കാര്യത്തിൽ ഇടതുപക്ഷവുമായി ആലോചിച്ച് തീരുമാനമെടുക്കും. യുഡിഎഫ് കേന്ദ്രങ്ങൾ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ സൗഹൃദങ്ങളും വ്യക്തിപരമായ സൗഹൃദങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മേഖല യാത്രകളിലും എൽഡിഎഫ് സംവിധാനത്തിലും കേരള കോൺഗ്രസ് സജീവമാണ്. വിവിധ മേഖലകളുടെ ചുമതല മുതിർന്ന നേതാക്കളായ കെജെ ദേവസ്യ (മലബാർ), വിടി ജോസഫ് (തിരുവനന്തപുരം, കൊല്ലം) എന്നിവർക്ക് നൽകിയിട്ടുണ്ട്. മധ്യകേരളത്തിലെ പ്രവർത്തനങ്ങൾക്ക് ജോസ് കെ മാണി നേരിട്ട് നേതൃത്വം നൽകും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന സംസ്ഥാനതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും മികച്ച വിജയം നേടിയെങ്കിലും ചില മേഖലകളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന് യോഗം വിലയിരുത്തി.
എൽഡിഎഫ് പ്രവേശനത്തിന് ശേഷമുള്ള അഞ്ചര മാസത്തിനുള്ളിൽ പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച കഴിഞ്ഞ അഞ്ചര വർഷക്കാലത്തെ പാർട്ടിയുടെ പ്രകടനം വിലയിരുത്താനും യോഗം തീരുമാനിച്ചു. ഭരണപക്ഷത്തായിരുന്നിട്ടും ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ മികച്ച രീതിയിൽ ഇടപെടാൻ സാധിച്ചുവെന്നാണ് പാർട്ടിയുടെ അവലോകനം.
നിർണായക ഇടപെടലുകൾ
ബഫർ സോൺ വിഷയത്തിൽ പാർട്ടി നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. ബഫർ സോണുമായി ബന്ധപ്പെട്ട് 42 പേജുള്ള റിപ്പോർട്ട് കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിച്ചത് കേരള കോൺഗ്രസ് എം ആണ്. റിമോട്ട് സെൻസിങ്ങിലൂടെയുള്ള കണക്കെടുപ്പ് മാറ്റി ഫിസിക്കൽ വെരിഫിക്കേഷൻ നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത് കർഷകർക്ക് ആശ്വാസമായി.
മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവ് ഇറക്കാനും വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 65 പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതിനുള്ള അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു. റബറിൻ്റെ താങ്ങുവില 150 രൂപയിൽ നിന്ന് 170 രൂപയായും 180 രൂപയായും പിന്നീട് 200 രൂപയായും ഉയർത്താൻ സർക്കാരിൽ സമ്മർദം ചെലുത്തി. ഇത് 250 രൂപയായി വർധിപ്പിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.
ഇടുക്കിയിലെ പട്ടയ പ്രശ്നത്തിൽ ഭൂപതിവ് നിയമഭേദഗതി കൊണ്ടുവരാൻ റോഷി അഗസ്റ്റിൻ മുൻകൈ എടുത്തു. ഉപാധിരഹിത പട്ടയം കർഷകൻ്റെ അവകാശമാണെന്ന നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഇഡബ്ല്യുഎസ് സംവരണം, അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടി ഇടപെടലുകൾ നടത്തുന്നുണ്ട്. അന്തരിച്ച നേതാവ് കെഎം മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യ ദിനമായി ആചരിക്കും. അന്നേദിവസം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR